നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യഹർജിയിൽ വാദം തുടരുന്നു. കേസിൽ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം നൽകിയ സത്യവാങ്മൂലത്തിനെതിരെ പ്രതിഭാഗം വാദങ്ങൾ ഉന്നയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴികൾ കൊണ്ട് മാത്രം കൊലപാതക ഗൂഢാലോചന കുറ്റത്തിൽ തന്നെ പ്രതിചേർക്കാനാകില്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു.

ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണ്. പൊതുബോധം അനുകൂലമാക്കാൻ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയത്. ഇതുവരേയും ഉദ്യോഗസ്ഥർക്കെതിരെ അപായശ്രമം നടന്നതായി ഒരു പരാതിയുമില്ല. ഇതെങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ് ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥർക്ക് എന്തിനാണ് ഇത്ര പേടി. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്നും പ്രതിഭാഗം ചോദിച്ചു.

ദിലീപിന്റെ ജാമ്യം റദ്ദാക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ഉപാധികളും ദിലീപ് മുന്നോട്ടുവച്ചു. ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്നും രാത്രി കസ്റ്റഡിയില്‍ വച്ചു തന്നെ ചോദ്യം ചെയ്യണോ എന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി തനിക്ക് വെറും സിനിമാ ബന്ധം മാത്രമാണുള്ളതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

ബാലചന്ദ്രകുമാറിന്റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്‌ഐആറും തമ്മിൽ വൈരുദ്ധ്യമുണ്ട്. മൊഴിയിൽ പറഞ്ഞ പലകാര്യങ്ങളും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം പ്രോസിക്യൂഷന്റെ വാദങ്ങളിൽ കോടതിയും ചോദ്യങ്ങൾ ഉന്നയിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും ഇതിന് തെളിവുകൾ വേണമെന്നും കോടതി പറഞ്ഞു. ഗൂഢാലോചനാ കുറ്റവും പ്രേരണ കുറ്റവും ഒന്നല്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ വാദം തുടരുകയാണ്.