മമ്മൂട്ടി (Mammootty) കൊവിഡ് പോസിറ്റീവ് ആയെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തിലാണ് വ്യാപിച്ചത്. പ്രിയതാരത്തിന് വേഗത്തില്‍ രോഗസൗഖ്യം ആശംസിച്ചുകൊണ്ടാണ് ആരാധകരില്‍ പലരും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ എത്തിയത്. എന്നാല്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും ചിലര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് മമ്മൂട്ടി തന്നെ പ്രതികരിക്കുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

“ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയില്‍ ഞാന്‍  പോസിറ്റീവ് ആയി. ഒരു ചെറിയ പനി ഒഴിച്ചാല്‍ എനിക്ക് മറ്റു പ്രശ്‍നങ്ങളില്ല. ഉത്തരവാദപ്പെട്ടവരുടെ നിര്‍ദേശം അനുസരിച്ച് ഞാന്‍ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായി കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുക”, മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കെ മധു സംവിധാനം ചെയ്യുന്ന ‘സിബിഐ’ സിരീസിലെ അഞ്ചാം ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. എന്നാല്‍ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ചിത്രീകരണ സ്ഥലത്തെ മറ്റ് അംഗങ്ങള്‍ക്കൊന്നും കൊവിഡ് കണ്ടെത്താതിരുന്നതിനാല്‍ സിബിഐ 5 ചിത്രീകരണം നിര്‍ത്തിവെക്കില്ല. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ഇത്. സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തിന്‍റെ രചന എസ് എന്‍ സ്വാമിയുടേത് തന്നെയാണ്. അമല്‍ നീരദിന്‍റെ ഭീഷ്‍മ പര്‍വ്വം, റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്.