ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക സുരക്ഷിതമായ നിലയിൽ. രണ്ടം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്. ഡീൻ എൽഗർ, എയ്ഡൻ മാർക്രം, കേശവ് മഹാരാജ് എന്നിവർ പുറത്തായപ്പോൾ കീഗൻ പീറ്റേഴ്സൺ (40), റസ്സി വാൻഡർ ഡസ്സൻ (17) എന്നിവർ ക്രീസിൽ തുടരുകയാണ്. ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് ജസ്പ്രീത് ബുംറയാണ് വീഴ്ത്തിയത്.

ഇന്ത്യയുടെ 223 റൺസിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. രണ്ടാം പന്തിൽ തന്നെ മാർക്രം (8) ബുംറയ്ക്ക് മുന്നിൽ വീണു. നൈറ്റ് വാച്ച്മാനായെത്തി ചില മികച്ച ഷോട്ടുകൾ കളിച്ച കേശവ് മൂന്നാം വിക്കറ്റിൽ കീഗൻ പീറ്റേഴ്സണുമായി ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാനാരംഭിച്ചു. എന്നാൽ, ഉമേഷ് യാദവ് ഇന്ത്യയുടെ രക്ഷക്കെത്തി. 25 റൺസെടുത്താണ് താരം മടങ്ങിയത്.

നാലാം വിക്കറ്റിൽ കീഗൻ പീറ്റേഴ്സൺ-റസ്സി വാൻഡർ ഡസ്സൻ കൂട്ടുകെട്ട് ഉറച്ചുനിന്നു. ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ സമർത്ഥമായി നേരിട്ട സഖ്യം ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തി. 55 റൺസാണ് സഖ്യം ഇതുവരെ കൂട്ടിച്ചേർത്തിട്ടുള്ളത്. ഇന്ത്യൻ സ്കോറിൽ നിന്ന് 123 റൺസ് അകലെയാണ് ദക്ഷിണാഫ്രിക്ക.