എല്ലാ ശൈത്യകാലത്തും ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയില്‍ സഞ്ചാരികളെ കാത്ത് ഒരു വിസ്മയ കാഴ്ചയുണ്ട്. ദ്വീപിന്റെ നദിക്കരയിൽ പരന്നു കിടക്കുന്ന വജ്രക്കല്ലുകൾ പോലെ തോന്നിക്കുന്ന ഐസ് കട്ടകൾ. നദിക്കരയിൽ സൂര്യപ്രകാശം ഏറ്റ് ഇവ തിളങ്ങുന്നത് കണ്ടാൽ വജ്രം പോലും തോറ്റും പോകും. ലോകത്തെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇത് സംഭവിക്കാറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ മനോഹര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സഞ്ചാരികൾ എത്താറുണ്ട്.

എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നറിയാമോ? ശൈത്യകാലത്ത് ഹോക്കൈഡോ ദ്വീപിലെ ടോകാച്ചി നദിയിലെ വെള്ളം തണുത്തുറയ്ക്കുന്നു. ആ സമയത്ത് ചുറ്റുമുള്ള കടലിലെ തിരമാലകൾ ശക്തമായി അടിക്കുന്നത് മൂലം നദിയിലെ തണുത്തുറഞ്ഞ വെള്ളം കഷ്ണങ്ങളായി ഉടഞ്ഞ് കരയ്ക്കടിയുന്നു. കരയ്ക്കടിയുമ്പോഴേക്കും അവ മിനുസമുള്ള പരലുകളായി മാറിയിട്ടുണ്ടാകും. ഇങ്ങനത്തെ ആയിരകണക്കിന് ഐസുകളാണ് കരയ്ക്കടിയുന്നത്. സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ചയാണ് ഇത്. എന്താണ് ഈ ഐസുകട്ടകൾക്ക് ഇത്രയും തിളക്കമെന്ന് സഞ്ചാരികളെ അത്ഭുതപെടുത്തുന്ന ഒന്നാണ്. ലവണാംശമോ അഴുക്കുകളോ ഇല്ലാത്ത ശുദ്ധമായ ജലമാണ് നദിയുള്ളത്. അത്രമേൽ സമയമെടുത്താണ് ഇവ ഐസ് കട്ടയാകുന്നത്. അതുകൊണ്ട് തന്നെയാണ് ഐസ് കട്ടകൾ വായുകുമിളകളോ അഴുക്കോ ഇല്ലാത്ത മിനുസമുള്ള രൂപങ്ങളായി മാറുന്നു.

ജപ്പാനിലെ വടക്കേയറ്റത്തായി റഷ്യയ്ക്ക് സമീപത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് ഹോക്കൈഡോ. ദ്വീപിന്റെ മധ്യഭാഗത്തായി ധാരാളം പർവ്വതങ്ങളും അഗ്നിപർവത പീഠഭൂമികളും ഉണ്ട്. ഈ ദ്വീപിന്റെ പ്രധാനവരുമാന മാർഗമാണ് ടൂറിസം. ശൈത്യകാലത്തെ വിനോദ കായികങ്ങൾക്കും സമുദ്രവിഭവങ്ങൾക്കും പേര് കേട്ടതാണ് ഇവിടം. നിരവധി സഞ്ചാരികളാണ് വർഷം തോറും ഇങ്ങോട്ടേക്ക് എത്തുന്നത്.