പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സൗജന്യ ടാബ്‍ലെറ്റുകൾ നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. വരുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി അഞ്ച് ലക്ഷം ടാബ്‍ലെറ്റുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചതായും 560 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കൂടി ടാബ്‍ലെറ്റുകൾ നൽകാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ 15000 കർഷകർക്ക് കുഴൽക്കിണർ കണക്ഷൻ നൽകുമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 350 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം അഴിമതി തടയുകയാണ് സർക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏതെങ്കിലും ഉദ്യോ​ഗസ്ഥനോ ജീവനക്കാരനോ അഴിമതിയിൽ ഏർപ്പെട്ടു എന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അഴിമതി നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ സംസ്ഥാനത്തെ വിജിലൻസ് ബ്യൂറോയെ വിവരം അറിയിക്കണമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിർദേശം നൽകി.