നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍ കോടതിയില്‍. വാച്ച് ആന്‍ഡ് വാര്‍ഡായി എത്തിയ പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് പ്രതികളുടെ വാദം. പ്രചരിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികള്‍ വാദിക്കുന്നു.

അതേസമയം, വി. ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തു. നിയമപരമായി കുറ്റമാണെന്ന് അറിഞ്ഞാണ് പ്രതികള്‍ അക്രമം നടത്തിയതെന്നും പ്രതികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി അടുത്ത മാസം ഏഴിന് വിധി പറയും.