ടെക്‌സസ്: ബഹിരാകാശം കീഴടക്കി വിജയകരമായി തിരിച്ചിറങ്ങിയ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് അഭിനന്ദനവുമായി സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ബെസോസും മറ്റ് ക്രൂ അംഗങ്ങളും ലാന്‍ഡ് ചെയ്യുന്നതായി കാണിക്കുന്ന ബ്ലൂ ഒറിജിന്റെ ട്വിറ്റര്‍ വിഡിയോയ്ക്ക് കമന്റായാണ് ‘അഭിനന്ദനങ്ങള്‍’ എന്ന് എഴുതിയത്.

‘വെസ്റ്റ് ടെക്‌സസ് മരുഭൂമിയില്‍ മികച്ച ലാന്‍ഡിംഗ്’- എന്നായിരുന്നു ബ്ലൂ ഒറിജിന്‍ വിഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.

ഈ യാത്രയോടെ ചരിത്രത്തിലെ രണ്ടാമത്തെ ബഹിരാകാശ വിനോദയാത്ര നടത്തിയയാളായി ജെഫ് ബെസോസ് മാറി. കഴിഞ്ഞ ജൂലൈ 11ന് ബ്രീടീഷ് ശതകോടീശ്വരന്‍ റിപാര്‍ഡ് ബ്രാന്‍സണും സംഘവുമായിരുന്നു ആദ്യ യാത്ര നടത്തി ചരിത്രം കുറിച്ചത്.

യുഎസിലെ വെസ്റ്റ് ടെക്‌സസ് സ്‌പേസ് പോര്‍ടിലെ വിക്ഷേപണത്തറയില്‍നിന്ന് സ്വന്തം കമ്ബനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപേര്‍ഡ് എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ബെസോസ് ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നത്. സാധാരണ പൗരന്‍മാരെയും വഹിച്ചുകൊണ്ട് സ്‌പെയ്‌സിലേക്കുള്ള ലോകത്തെ തന്നെ ആദ്യത്തെ പൈലറ്റില്ലാ പറക്കലായിരുന്നു അത്.

താഴെ നിന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ന്യൂ ഷെപേര്‍ഡിന്റെ നിര്‍മാണം. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 52-ാം വാര്‍ഷികത്തിലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നനായ ബെസോസിന്റെയും സഹോദരന്‍ മാര്‍ക് ബെസോസ് (53), ഒലിവര്‍ ഡീമന്‍ (18), വാലി ഫങ്ക് (82) എന്നിവരുടെയും ബഹിരാകാശ യാത്ര. 10 മിനുട്ട് 21 സെകന്‍ഡുകളായിരുന്നു ആകെ സഞ്ചാരസമയം. യാത്രയുടെ ദൃശ്യങ്ങള്‍ കമ്ബനി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

2000ത്തിലായിരുന്നു ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ബെസോസ് ബ്ലൂ ഒറിജിന്‍ സ്‌പേസ് കമ്ബനി ആരംഭിച്ചത്. അമേരികയില്‍നിന്ന് ആദ്യം ബഹിരാകാശത്തേക്കെത്തിയ അലന്‍ ഷെപേര്‍ഡിന്റെ പേരില്‍ നിന്നുമാണ് ബ്ലൂ ഒറിജിന്‍ റോകെറ്റിന് ന്യൂ ഷെപേര്‍ഡ് എന്ന പേര് നല്‍കിയത്.