ന്യൂയോർക്ക്∙ ഫോമയുടെ നേതൃത്വത്തിൽ രൂപം കൊണ്ട നഴ്‌സിങ് ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനവും, ഫോമാ നഴ്‌സിങ് ഫോറം ആതുര സേവന രംഗത്തെ മികച്ച സേവന സന്നദ്ധർക്ക് നൽകുന്ന ഫോമ നഴ്‌സിങ് എക്സലൻസ് അവാർഡ് പ്രഖ്യാപനവും, മേയ് 1 രാവിലെ ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 മണിക്ക് നടക്കും.

അറ്റ്ലാന്റ ഇന്ത്യൻ കോൺസൽ ജനറൽ, ഡോക്ടർ സ്വാതി കുൽക്കർണി മുഖ്യാതിഥിയായി പങ്കെടുക്കും. ഡോക്ടർ ആഗ്‌നസ് തേരാടി, ഡോക്ടർ ആനി പോൾ, ഡോക്ടർ രാജി തോമസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും.

1995 ൽ ഇന്ത്യൻ ഫോറിൻ സർവ്വീസിൽ ചേർന്ന ഡോക്ടർ സ്വാതി കുൽക്കർണി, കോൺസൽ ജനറൽ ആയി നിയമിതയാകുന്നതിനു മുൻപ് മുംബൈയിൽ റീജിണൽ പാസ്പോർട്ട് ഓഫിസർ ആയിരുന്നു. സൗത്ത് ആഫ്രിക്കയിലും കോൺസൽ ജനറൽ സേവനമനുഷ്ടിച്ചിട്ടുള്ള സ്വാതി കുൽക്കർണി ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ വിദേശരാജ്യങ്ങളുടെ അണ്ടർ സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്.

ഡോക്ടർ ആഗ്നസ് തേരാടി, ഇന്ത്യാനയിലെ ഫ്രാൻസിസ്കൻ ഹെൽത്ത് സെന്ററിൽ നിലവിലെ വൈസ് പ്രസിഡന്റായും മുഖ്യ നഴ്സിങ് ഓഫിസർ ആയും സേവനമനുഷ്ഠിക്കുകയാണ്. National Association of Indian Nurses of America (NAINA) യുടെ മുൻ പ്രസിഡന്റായിരുന്നു.

ഡോക്ടർ ആനി പോൾ ന്യൂയോർക്ക് റോക്‌ലാൻഡ് കൗണ്ടി ഡിസ്ട്രിക്ട് 14 ലെ ലെജിസ്‌ലേറ്ററും, ലെജിസ്‌ലേറ്റീവ് വൈസ് ചെയർ പേഴ്‌സനുമാണ്. ന്യൂനപക്ഷ- വനിതാ ബിസിനസ് എന്റർപ്രൈസ് സംബന്ധിച്ച പ്രത്യേക സമിതിയുടെ ചെയർ പേഴ്‌സണായും പരിസ്ഥിതി, വിവിധ സേവന വിഭാഗം , ആസൂത്രണവും പൊതുമരാമത്തും, പൊതു സുരക്ഷയും നിയമങ്ങളും തുടങ്ങിയ സമിതികളിൽ അംഗവുമായും ആനി പോൾ സേവനമനുഷ്ടിച്ചു വരുന്നു.

ജോയിൻ കമ്മിഷനിലെ കോളിറ്റി ആൻഡ് പേഷ്യന്റ് സേഫ്റ്റി വിഭാഗം ഡയറക്ടറാണ് ഡോക്ടർ രാജി തോമസ്.ആരോഗ്യ പരിപാലന നിലവാരം മെച്ചപ്പെടുത്തൽ, രോഗിയുടെ സുരക്ഷാ നേതൃത്വം, നഴ്സിങ് എന്നിവയിൽ 20 വർഷത്തിലേറെ ഭരണ വൈദ്യഗ്ധ്യമുള്ള രാജി തോമസ്, ഷിക്കാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പേഷ്യന്റ് സേഫ്റ്റി ആന്റ് പെർഫോമൻസ് ഇംപ്രൂവ്‌മെന്റിന്റെ ഡയറക്ടറായും ഇതിനു മുൻപ് സേവന മനുഷ്ഠിച്ചിട്ടുണ്ട്.

ഇന്നു നടക്കുന്ന ഉദ്ഘാടന വെബ്ബിനാറിൽ സൂം ഐഡി നമ്പർ : 958 0353 7253 വഴി എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, നഴ്‌സിങ് ഫോറം കോർഡിനേറ്റർ ബിജു ആന്റണി, ചെയർമാൻ ഡോക്ടർ മിനി മാത്യു, സെക്രട്ടറി എലിസബത്ത് സുനിൽ സാം, വൈസ് ചെയർമാൻ റോസ് മേരി കോലഞ്ചേരി, ജോയിന്റ് സെക്രട്ടറി ഡോക്ടർ ഷൈല റോഷിൻ എന്നിവർ അഭ്യർഥിച്ചു.