കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം 26 മുതല്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സന്ദര്‍ശനം റദ്ദാക്കിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട ജനിതക മാറ്റം വന്ന വൈറസ് കഴിഞ്ഞ മാസം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിരീക്ഷിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രിയുടെ സന്ദള്‍ശനത്തിനെതിരെ രംഗത്തെത്തിയത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറിസ് ജോണ്‍സണും തമ്മില്‍ ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തത്തോടെയുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് യുകെ- ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.