കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഉയർന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. ഓക്സിജന്റെ ഉയർന്ന ആവശ്യകത കൊവിഡിന്റെ രണ്ടാം തരംഗത്തിലുണ്ട്. മരണ നിരക്കിന്റെ കണക്കിൽ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും വ്യത്യാസമില്ല എന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തരംഗത്തിൽ രോഗത്തിന് ലക്ഷണവും ഗുരുതരാവസ്ഥയും കുറവാണ്. ശ്വാസതടസമാണ് രണ്ടാം തരംഗത്തിൽ കൂടുതലായി പ്രകടമാകുന്ന ലക്ഷണം. രണ്ട് തരംഗത്തിലും രോഗം ബാധിച്ചവരിൽ 70 ശതമാനവും 45 വയസിന് മുകളിലുള്ളവരാണ്. ഇനിയും തിരിച്ചറിയാനാവാത്ത വൈറസിന്റെ വകഭേദങ്ങൾ നിലനിൽക്കുന്നത് കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ കണ്ടെത്തിയ ഇരട്ട ജനിതകമാറ്റം വന്ന വൈറസിന് അതിതീവ്ര വ്യാപനം ഇല്ല. യുകെ., ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നിവടങ്ങളിൽ കണ്ടെത്തിയ വൈറസുകളെ ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. ഇതിന് തീവ്രവ്യാപന സ്വഭാവം ആണുള്ളത്.. വകഭേദം വന്ന വൈറസിനെ കണ്ടെത്താൻ ആർടിപിസിആർ. ടെസ്റ്റ് ഉചിതമാണ്. ജാഗ്രത കുറവും തിരിച്ചറിയാനാവാത്ത വകഭേദങ്ങളും വൈറസിന്റെ സ്വഭാവ വ്യത്യാസവുമാണ് ഇത്തവണ രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടിയതെന്നും ഡോ. ബൽറാം ഭാർഗവ പറഞ്ഞു.