വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പടക്കളത്തില്‍ നിന്ന് തന്നെ പടയൊരുക്കം. ഇമ്രാന്‍ ഖാന് അഭിമാനമുണ്ടെങ്കില്‍ രാജി വെച്ച്‌ പുറത്തുപോകണമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ബുട്ടോ സര്‍ദാരി ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരായ ജനവികാരമുണ്ടായതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ് ഇമ്രാന്‍ ഖാനും കൂട്ടാളികള്‍ക്കും.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വലിയൊരു അവസാനത്തിലേക്കാണ് പോകുന്നതെന്ന് ബിലാവല്‍ പറഞ്ഞു. ജനാധിപത്യമാണ് ഇതിനെല്ലാമുള്ള പ്രതികാരം എന്നാണ് ബിലാവല്‍ പറയുന്നത്. ഇമ്രാന്‍ ഖാന് അഭിമാനമുണ്ടെങ്കില്‍ ഇപ്പോള്‍ രാജിവെച്ച്‌ പുറത്ത് പോകേണ്ടതാണ്. ഇന്നു തന്നെ ഇമ്രാന്‍ ഖാന്‍ രാജിക്കത്ത് സമര്‍പ്പിക്കണം. ഇത് പ്രതിപക്ഷത്തിന്‍്റെ മാത്രമല്ല, ഭരണപക്ഷത്തിന്‍്റെയും ജനങ്ങളുടെയും ആവശ്യമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാക് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്താറില്ല എന്നതിന്റെ പ്രധാന തെളിവാണ് സര്‍ക്കാര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുക എന്നത്. ആയതിനാല്‍, ഇമ്രാന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ ഒരു യോഗ്യതയുമില്ലെന്നും ബിലാവല്‍ ആരോപിച്ചു. ഭരണപ്രതിസന്ധി രൂക്ഷമായതോടെ ഇമ്രാന്‍ ഖാന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിരവധി പേര്‍ ഇമ്രാന്‍ ഖാനെതിരെ രംഗത്ത് വന്നത്.