കോട്ടയം മുണ്ടക്കയത്ത് മരിച്ച വയോധികന്റെ ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇതിനു കാരണം ഭക്ഷണം ലഭിക്കാത്തതോ, പ്രായാധിക്യമോ എന്ന് സ്ഥിരീകരിക്കാൻ അന്തിമ റിപ്പോർട്ട് ലഭ്യമാകണം. എൺപതുകാരൻ പൊടിയൻ മരിച്ചത് മകൻ പട്ടിണിക്കിട്ടതു മൂലമാന്നെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആണ് പൊടിയന്റെ മരണകാരണം സംബന്ധിച്ച ആദ്യ സൂചനകൾ പുറത്തു വന്നത്. ആന്തരിക അവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നു. ഇത് മരണത്തിലേക്ക് നയിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. അവയവങ്ങൾ ചുരുങ്ങിയത് വാർധക്യസഹജമായ കാരണങ്ങൾ മൂലമോ ആഹാരം ലഭിക്കാത്തത് മൂലമോ എന്ന് കണ്ടെത്തണം. ഇതിന് രാസപരിശോധനാ ഫലം ലഭ്യമാകണം. പൊടിയന്റെ ഭാര്യ അമ്മിണി അവശനിലയിൽ മാനസികനില തെറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മകൻ റെജിയും മരുമകളും പൊടിയനെയും അമ്മിണിയെയും പട്ടിണിക്കിട്ടു എന്നാണ് അയൽവാസികളുടെ ആരോപണം. എന്നാൽ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം കണ്ടിരുന്നതായി സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. റെജിയെ ചോദ്യം ചെയ്‌തെങ്കിലും, അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ, പൊലീസ് തുടർനടപടികളിലേക്ക് കടക്കു.