ഈജിപ്തിൽ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി. കെയ്റോയിലെ സക്കാറ പര്യവേഷണ സ്ഥലത്താണ് പുതിയ കണ്ടെത്തൽ. കണ്ടെത്തിയവകളിൽ 3000 കൊല്ലം പഴക്കമുള്ള ശവപ്പെട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. പുതിയ കണ്ടെത്തൽ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് പര്യവേഷകർ പറയുന്നത്. കഴിഞ്ഞ നവംബറിലും ഇവിടെ നിന്ന് പ്രാചീന ശവപ്പെട്ടികൾ കണ്ടെത്തിയിരുന്നു.

പ്രമുഖ ഈജിപ്റ്റോളജിസ്റ്റായ സഹി ഹവാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് നിർണായകമായ ഈ കണ്ടെത്തലുകൾ നടത്തിയത്. മരം കൊണ്ടുള്ള 50 ശവപ്പെട്ടികൾ ഇവർ ഇവിടെ നിന്ന് കണ്ടെടുത്തു. ബിസി 16ആം നൂറ്റാണ്ടിനും 11ആം നൂറ്റാണ്ടിനും ഇടയിലുള്ളവകളാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. 22 ദണ്ഡുകൾ, കല്ലു കൊണ്ടുള്ള ഒരു ശവപ്പെട്ടി, അഞ്ച് മീറ്റർ നീളമുള്ള, മരണത്തെപ്പറ്റി പറയുന്ന പുസ്തകത്തിലെ 17ആം അധ്യായമായ ഒരു പാപ്പിറസ് ചുരുൾ, മരം കൊണ്ടുള്ള വഞ്ചികൾ, മുഖാവരണങ്ങൾ, പ്രാചീന ഈജിപ്ഷ്യർ കളിക്കുന്ന ഗെയിമുകൾ എന്നിവയൊക്കെ ഇവിടെ നിന്ന് കണ്ടെടുത്തു.

പിരമിഡുകളും പഴയ കാല ആശ്രമങ്ങളും മൃഗങ്ങളെ അടക്കം ചെയ്യുന്ന സ്ഥലങ്ങളും ഉൾക്കൊള്ളുന്ന സക്കാറ യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണ്. ഇവിടെ 70 ശതമാനം ഭാഗത്തും പര്യവേഷണം നടന്നിട്ടില്ല.