അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിയുമായി പങ്കുവയ്ക്കുമെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു ടേം മുഖമന്ത്രി പദം നല്‍കുമെന്ന വാര്‍ത്തകള്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നടക്കുന്ന അനാവശ്യമായ പ്രചാരണങ്ങളാണെന്ന് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. അത്തരം ചര്‍ച്ചകളിലില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചുപണികള്‍ ഉണ്ടാകും. ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊപ്പം ഡിസിസി പുനഃ സംഘടനയാണ് മുഖ്യ അജണ്ട. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏല്പിച്ച ക്ഷീണം മാറ്റാനുള്ള തിരുത്തല്‍ നടപടികള്‍ യോഗം സ്വീകരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. കെപിസിസി നേതൃത്വത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്നാണ് സൂചന. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാടെടുക്കും.

ഇരട്ട പദവി വഹിക്കുന്ന ഡിസിസി അധ്യക്ഷന്‍മാരെ കൂടാതെ പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി അധ്യക്ഷന്‍മാരെ മാറ്റണമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. എന്നാല്‍ മാറ്റുകയാണെങ്കില്‍ എല്ലാ ഡിസിസി അധ്യക്ഷന്‍മാരെയും മാറ്റണമെന്ന് ആവശ്യം എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ചു.