ഹ്യൂസ്റ്റൺ : ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി അമേരിക്കയിലെ ടെക്സസിലെ സ്റ്റാഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഗോള ചാരിറ്റി പ്രസ്ഥാനമാണ് “അറ്റാക്ക് പോവർട്ടി”. ഈ പ്രസ്ഥാനത്തിൻറെ സി ഇ ഓ ബ്രാൻഡൻ ബാക്കാ, സീനിയർ ഓപ്പറേഷൻ ഡയറക്ടർ ജയ്സൺ ബൗഡോയിൻ എന്നിവരുമായി ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ഇന്ന് കൂടിക്കാഴ്ച നടത്തി. 2019 ൽ അറ്റാക്ക് പോവർട്ടി അധികൃതർ ഫോമാ ചാരിറ്റി ചെയർ ജിജു കുളങ്ങരയോടൊപ്പം കേരളം സന്ദർശിക്കുകയും അവിടെ ഫോമാ വില്ലേജ് സന്ദർശിക്കുകയും ചെയ്തിരുന്നു. ഫോമാ വില്ലേജും അവിടെ നടക്കുന്ന പ്രവർത്തനങ്ങളിലും ആകൃഷ്ടരായ അറ്റാക്ക് പോവർട്ടി അധികൃതർ ഫോമാ എന്ന സംഘടനയുമായുള്ള സഹകരണത്തിൽ താല്പര്യം പ്രകടിപ്പിച്ചതിനാൽ ആണ് ജിജു കുളങ്ങരയുടെ നേതൃത്വത്തിൽ ഫോമാ പ്രസിഡൻറ് അനിയൻ ജോർജ് അവരുമായി കൂടിക്കാഴ്ച നടത്തിയത്.
ചൈനയിലും മെക്സിക്കോയിലും ഇന്ത്യയിലുമുൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അനാഥാലയങ്ങളും മറ്റു സാമൂഹ്യ പ്രവർത്തങ്ങളും നടത്തിവരുന്ന അറ്റാക്ക് പോവർട്ടി 2011ൽ ആണ് ആരംഭിച്ചത്. ഹാർവി ചുഴലിക്കാറ്റ് ടെക്സസിന്റെ പ്രദേശങ്ങളായിൽ ആഞ്ഞടിച്ചപ്പോൾ ഭവനം നഷ്ടപ്പെട്ട നൂറിൽ പരം ആളുകൾക്ക് വീടുകൾ നിർമ്മിച്ച് നൽകിയതും അറ്റാക്ക് പോവർട്ടി എന്ന സംഘടനയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ മാന്യമായ താമസസ്ഥലം, ജീവിക്കാനാവശ്യമായ വേതനം ലഭിക്കുന്ന ജോലി, മാനസിക ആരോഗ്യം, ശുദ്ധജലം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ശിശു സംരക്ഷണം, സാമ്പത്തിക സാക്ഷരത എന്നിവക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ദാരിദ്ര്യ നിർമ്മാർജ്ജനമാണ് “അറ്റാക്ക് പോവർട്ടി” നടത്തി വരുന്നത്.
“അറ്റാക്ക് പോവർട്ടി” ചാരിറ്റി പ്രസ്ഥാനവുമായി വരും വർഷങ്ങളിൽ ഫോമയുടെ സഹകരണം ശക്തിപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അനിയൻ ജോർജ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

റിപ്പോർട്ട്: അജു വാരിക്കാട്.