കൊവിഡ് വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞർ വാക്‌സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിനിൽ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളമടക്കം എട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം പുരോഗമിക്കുകയാണ്. ഈ യോഗത്തിലാണ് വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രി പറഞ്ഞത്.

പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ഡൽഹി ,കേരളം, മഹാരാഷ്ട്ര ,ഗുജറാത്ത്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ ,ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ യോഗം. രണ്ട് യോഗങ്ങളാണ് ചേരുന്നത്. 10.30ന് ആരംഭിച്ച് ആദ്യ യോഗത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തി. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടോയെന്ന് യോഗം തീരുമാനിക്കും.

ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയാണ്. അന്തരീക്ഷ മലിനീകരണമാണ് മൂന്നാംഘട്ട വ്യാപനത്തിന് കാരണമായതെന്ന് യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിൻ വിതരണം സംബന്ധിച്ച് ആദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കുന്നത്. വാക്‌സിൻ വിതരണത്തിന്റെ മുൻഗണനാ പട്ടിക, വികസനം, ചെലവ് തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. നീതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി വിളിച്ച രണ്ടാമത്തെ യോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദർ സിംഗ് പങ്കെടുത്തില്ല.