മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൈറ്റ് ബാക്കായ വാന്‍ ബിസാകയ്ക്ക് ഇന്നലെ തന്റെ കരിയറിലെ അപൂര്‍വ്വ രാത്രി ആയിരുന്നു. തന്റെ സീനിയര്‍ കരിയറിലെ ആദ്യ ഗോളാണ് ഇന്നലെ ന്യൂകാസിലിനെതിരെ വാന്‍ ബിസാക നേടിയത്. സീനിയര്‍ കരിയറില്‍ ക്രിസ്റ്റല്‍ പാലസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടി 98 മത്സരങ്ങള്‍ വാന്‍ ബിസാക കളിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ 97 മത്സരങ്ങളിലും ഒരു ഗോള്‍ പിറന്നിരുന്നില്ല. ബിസാകയുടെ ആദ്യ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമംഗങ്ങള്‍ വലിയ സന്തോഷം തന്നെ പ്രകടിപ്പിച്ചു.

വാന്‍ ബിസാകയ്ക്ക് ഷൂട്ട് ചെയ്യാന്‍ അറിയും എന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ബ്രൂണൊ ഫെര്‍ണാണ്ടസ് തമാശയായി പറഞ്ഞു. ബിസാകയോടെ കൂടുതല്‍ അറ്റാക്കിംഗ് നടത്താനും ഷൂട്ട് ചെയ്യാനും താന്‍ എപ്പോഴും പറയാറുണ്ട് എന്ന് ബ്രൂണോ പറഞ്ഞു. വാന്‍ ബിസാക ഡിഫന്‍സില്‍ ഗംഭീരം ആണെങ്കിലും അറ്റാക്കിലും താരത്തിന്റെ സഹായം യുണൈറ്റഡിന് ആവശ്യമുണ്ട് എന്നും ബ്രൂണൊ ഫെര്‍ണാണ്ടസ് പറഞ്ഞു. വാന്‍ ബിസാക ഇനിയും കുറേ ഗോളുകള്‍ നേടണം എന്നും ബ്രൂണോ പറഞ്ഞു.