ലോക്ക്ഡൗൺ കാലത്തെ വിമാന ടിക്കറ്റുകളിൽ പണം മടക്കി നൽകാൻ നിർദേശിച്ച് കേന്ദ്രസർക്കാർ. മാർച്ച് 25നും എപ്രിൽ 24നും ഇടയിൽ യാത്രകൾ മുടങ്ങിയവർക്ക് പണം മടക്കി നൽകാനാണ് നിർദേശം. വിമാനകമ്പനികൾക്കും ട്രാവൽ എജന്റന്മാർക്കും കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച നിർദേശം നൽകി.

ക്രഡിറ്റ് ഷെൽ ഉപാധിയും യാത്രക്കാർക്ക് ഉപയോഗിക്കാം. 2021 മാർച്ച് വരെ ഈ തുക ഉപയോഗിച്ച് സ്വന്തമായോ മറ്റാർക്കെങ്കിലും വേണ്ടിയോ ടിക്കറ്റ് വാങ്ങാം. ക്രഡിറ്റ് ഷെൽ ഉപയോഗിക്കാത്തവർക്ക് 2021 മാർച്ചിന് ശേഷം പണം മടക്കി നൽകണമെന്നാണ് നിർദേശം.

കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് റെയിൽ-വ്യോമ ഗതാഗതങ്ങൾ റദ്ദാക്കിയത്. പിന്നീട് വന്ദേഭാരത് മിഷന്റെ ഭാഗമായാണ് വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഇന്ത്യയിൽ മടക്കിയെത്തിച്ചത്.