ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നത് റെയ്ഡിന് ഇടയാക്കും എന്നുപറഞ്ഞ സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണനെതിരെ നിയമമന്ത്രി കിരൺ റിജിജു. ജഡ്ജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം പ്രവർത്തിച്ച സംവിധാനത്തെ അപകീർത്തിപ്പെടുന്നതാണെന്നും ഇത്തരക്കാർ അടിയന്തരാവസ്ഥയ്ക്കെതിരെ ഒന്നും സംസാരിക്കുന്നില്ലെന്നും കിരൺ റിജിജു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാൽ കാരണമില്ലാതെ വീട്ടിൽ റെയ്ഡ് നടക്കുമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും മുൻ സുപ്രീം കോടതി ജഡ്ജ് ബിഎൻ ശ്രീകൃഷ്ണ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് നിയമമന്ത്രി ട്വിറ്ററിൽ രംഗത്തെത്തിയത്.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപം നടത്തുന്നവരാണ് ഇപ്പോൾ ആവിഷ്കാര സ്വാതന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. അവർ ഒരിക്കലും കോൺഗ്രസിന്റെ അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കുകയില്ല. മാത്രമല്ല ചില പ്രാദേശിക പാർട്ടികളുടെ മുഖ്യമന്ത്രിമാരെക്കുറിച്ചും അവർ ഒരിക്കലും സംസാരിക്കുകയില്ല, മന്ത്രി ട്വീറ്റ് ചെയ്തു.