തിരുവനന്തപുരം : കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചത് അനുസരിച്ചല്ലെന്ന് രേഖ. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദര്‍ശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആണ് റൂട്ട് മാറ്റിയതെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം.

2017 സെപ്തംബറിലാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത്,. സന്ദര്‍ശനത്തിന് രണ്ടാഴ്ച മുൻപ് തയ്യാറാക്കിയ ഷെഡ്യൂളിൽ പക്ഷെ ക്ലിഫ് ഹൗസില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വിധത്തിൽ സന്ദര്‍ശനം തീരുമാനിച്ചെങ്കിലും ക്ലിഫ് ഹൗസ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നും ഇത് മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം ആയിരുന്നു എന്നു മാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണം.

ഔദ്യോഗിക പരിപാടിയിൽ ഇല്ലാതിരുന്നിട്ടും ക്ലിഫ് ഹൗസിൽ ഷാര്‍ജ ഭരണാധികാരി എങ്ങനെ എത്തി? ആര്‍ക്ക് വേണ്ടി എന്തിന് സന്ദര്‍ശന ഷെഡ്യൂൾ മാറ്റി തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുകയാണ്. സ്വപ്ന സുരേഷ് ആരോപണം ആവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം വ്യക്തമാക്കിയിട്ടുമില്ല.