പോർട്ട് ഓഫ് സ്പെയിൻ: ആവേശം അവസാന ഓവർ വരെ നീണ്ടെങ്കിലും ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി-20  മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 10 റൺസായിരുന്നു വിൻഡീസിന് വിജയിക്കാനാവശ്യം. എന്നാൽ, ആദ്യ പന്തിൽ നോബോൾ എറിഞ്ഞ ആവേഷ്, രണ്ടാം പന്തിൽ സിക്സും തൊട്ടടുത്ത പന്തിൽ ഫോറും വഴങ്ങിയതോടെ വിൻഡീസ് സമ്മർദ്ദമില്ലാതെ ലക്ഷ്യത്തിലെത്തി.  സ്കോർ ഇന്ത്യ 19.4 ഓവറിൽ 138. വിൻഡീസ് 19.2 ഓവറിൽ 141/5. 52 പന്തിൽ 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ്  വിൻഡീസിനെ ജയിപ്പിച്ചത്. അവസാന ഓവറിൽ തകർത്തടിച്ച തോമസിന്റെ ഇന്നിങ്സ് നിർണായകമായി. വിൻഡീസ് അനായാസമായി ജയിക്കുമെന്ന കരുതിയ മത്സരത്തിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരാണ് മത്സരം അവസാന ഓവർ വരെ നീട്ടിയത്. അർഷ്ദീപ്, രവീന്ദ്ര ജഡേജ, അശ്വിൻ, ഹാർദിക് പാണ്ഡ്യ, ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്തായി.  നാലോവറിൽ വെറും 17 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒബേദ് മക്കോയിയാണ് ഇന്ത്യയെ തകർത്തത്. 31 റൺസെടുത്ത ഹർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ പൂജ്യത്തിന് പുറത്തായി. ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായില്ല. സൂര്യകുമാർ യാദവ് (11), ശ്രേയസ് അയ്യർ (10), ദിനേഷ് കാർത്തിക് (7) എന്നിവർ നിരാശപ്പെടുത്തി. രവിചന്ദ്ര അശ്വിൻ 10 റൺസെടുത്തു. വിൻഡീസിന് വേണ്ടി ജേസൻ ഹോൾഡർ രണ്ടും അൽസാരി ജോസഫി, അക്കീൽ ഹൊസെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി.