സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കക്ക് (Sri Lanka) എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഇന്ത്യ. നിലവിലെ പ്രതിസന്ധി മറികടക്കാൻ ലങ്കയ്ക്ക് താങ്ങാകുമെന്നാണ് ഇന്ത്യയുടെ ഉറപ്പ്. 26,000 കോടിയുടെ സഹായം ഇതുവരെ ലങ്കയ്ക്ക് നല്‍കി.സാമ്പത്തിക സഹായവും ഭക്ഷണവും മരുന്നും തുടര്‍ന്നും എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് ചുറ്റും തടിച്ചുകൂടുകയാണ്.

തുടരെ തുടരെ പെട്രോൾ ബോംബുകൾ എറിഞ്ഞ സമരക്കാർ ഏത് നിമിഷവും വസതിക്ക് ഉള്ളിൽ കടക്കുമെന്ന അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു. വസതിക്ക് ഉള്ളിൽ നിന്ന് സമരക്കാർക്ക് നേരെ വെടിവെപ്പ് ഉണ്ടായി. പുലർച്ചെ കനത്ത സൈനിക കാവലിൽ മഹിന്ദ രാജപക്സെയെ രഹസ്യ താവളത്തിലേക്ക് മാറ്റി. ക്രമസമാധാന തകർച്ചയുടെ പേരിൽ മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. രാജപക്സെ കുടുംബത്തിന്‍റെ തറവാട് വീടും നിരവധി വസ്തുവകകളും രാത്രി സമരക്കാർ കത്തിച്ചു. മുൻ മന്ത്രിമാരുടെയും എംപിമാരുടെയും ആയി അൻപതോളം വീടുകൾ
ആക്രമിക്കപ്പെട്ടു.

നൂറുകണക്കിന് വാഹനങ്ങളും സ്ഥാപനങ്ങളും തകർക്കപ്പെട്ടു. അനുരാധ പുരയിൽ രാജപക്സെ കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പിന്‍റെ പഞ്ചനക്ഷത്ര ഹോട്ടലും കത്തിച്ചു. സമാധാനപരമായി നടന്ന സർക്കാർ വിരുദ്ധ സമരത്തിനിടയിലേക്ക് കടന്നുകയറിയ രാജപക്സെ അനുകൂലികൾ സംഘർഷം സൃഷ്ടിച്ചതാണ് രാജ്യം മുഴുവൻ പടരുന്ന കലാപത്തിലേക്ക് നയിച്ചത്. സംഭവത്തിൽ വിശദീകരണം തേടി ശ്രീലങ്കൻ മനുഷ്യാവകാശ കമ്മീഷൻ സൈനിക കമാണ്ടർ അടക്കമുള്ളവർക്ക് നേരിൽ ഹാജരാകാൻ നോട്ടീസ് നൽകി.

പ്രസിഡന്‍റ് ഗൊതബായ രാജപക്സെയും അധികാരം ഒഴിയണമെന്നാണ് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെടുന്നത്. രാജപക്സെ സഹോദരന്മാർ പൂർണ്ണമായി അധികാരം ഒഴിയുംവരെ സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേംദാസ് ആവർത്തിച്ചു. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവള റോഡുകളിൽ സമരക്കാർ നിലയുറപ്പിച്ചിരിക്കുകയാണ്. ജനങ്ങൾ ക്ഷുഭിതരായതോടെ പൊലീസ് പലയിടത്തും പിൻവാങ്ങിയിരിക്കുകയാണ്. ജീവിതം വഴിമുട്ടിയ സാധരണക്കാരും വിദ്യാ‍ര്‍ത്ഥികളുമാണ് സമരം നയിക്കുന്നത് എന്നതിനാൽ ചിലയങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്ക് നേരെയും ആക്രമണശ്രമം ഉണ്ടായി.