ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചു. രജപക്സെ അനുകൂലികൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിലാണ് രാജി. മഹിന്ദയെ പിന്തുടർന്ന് കൂടുതൽ മന്ത്രിമാർ രാജിക്കൊരുങ്ങുന്നതായി റിപ്പോ‍ർട്ടുകളുണ്ട്. രണ്ട് മന്ത്രിമാർ രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ മഹീന്ദ അനുകൂലികൾ നടത്തിയ അക്രമത്തെ  പ്രസിഡന്റും മഹീന്ദയുടെ സഹോദരനുമായ ഗോട്ടബായ രജപക്സെ തള്ളിപ്പറഞ്ഞിരുന്നു.

 കൊളംബോയിൽ കർഫ്യൂ 

Prime Minister Mahinda Rajapkse resigns in SriLanka

കൊളംബോയിൽ മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിന് സമീപമായിരുന്നു പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം. ടെന്റ് അടിച്ച് ഒത്തുകൂടിയ പ്രതിഷേധക്കാർ, സമരവേദിയായ മൈനഗോഗാമയ്ക്ക് മുന്നിലാണ് കയ്യേറ്റം ചെയ്യപ്പെട്ടത്. ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണം ഉണ്ടായി. ടെന്റുകളെല്ലാം ജനക്കൂട്ടം തകർത്തു. ഇവരെ തുരത്താൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് തീർത്ത ബാരിക്കേഡ് മറികടന്നെത്തിയാണ് മഹിന്ദ അനുകൂലികൾ പ്രതിഷേധക്കാരെ ആക്രമിച്ചത്. വടികളുമായി എത്തിയ സർക്കാർ അനുകൂലികൾ നിരായുധരായ പ്രതിഷേധക്കാരെ തല്ലി ഓടിക്കുകയായിരുന്നു. പൊലീസിന് കാഴ്ചക്കാരാകേണ്ടി വന്നു. പിന്നീട് കലാപത്തെ നേരിടാൻ പരിശീലനം ലഭിച്ച പ്രത്യേക സേന രംഗത്തിറങ്ങിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തൊട്ടുപിന്നാലെ കൊളംബോയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇത് പിന്നീട് രാജ്യത്ത് എല്ലായിടത്തും ബാധകമാക്കി. മഹിന്ദ പ്രധാനമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു ഈ ആക്രമണം. ആക്രമണത്തെ പ്രസിഡന്റ് തള്ളിപ്പറഞ്ഞതോടെയാണ് പിടിവള്ളി നഷ്ടപ്പെട്ട് മഹിന്ദയ്ക്ക് രാജിവയ്ക്കേണ്ടി വന്നത്.

Prime Minister Mahinda Rajapkse resigns in SriLanka

മഹിന്ദയുടെ രാജിക്കായി സ്വന്തം പാർട്ടിയായ പൊതുജന പെരാമുനയിൽ നിന്നുതന്നെ സമ്മർദം ശക്തമായിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരെ ഒപ്പം കൂട്ടി ഈ നീക്കത്തെ ചെറുക്കുകയായിരുന്നു മഹിന്ദ ഇതുവരെ. എന്നാൽ കൊളംബോയിലെ ആക്രമണത്തോടെ ഈ നീക്കവും പാളി. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ച് പിടിച്ചുനിന്ന മഹിന്ദ സ്ഥാനമൊഴിയുന്നത്.