ജില്ലയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി നാലുപേർ മുങ്ങിമരിച്ചു.മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളും അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കളുമാണ് മരിച്ചത്.

തിരുനെൽവേലി സ്വദേശികളായ കാർത്തിക് , ശബരിനാഥ് എന്നിവരാണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത്. മണിമലയാറ്റിലെ വടക്കൻ കടവിൽ ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടം സംഭവിച്ചത്. കുട്ടികൾ മുങ്ങി താഴുന്നത് കണ്ട് പ്രദേശവാസികൾ നദിയിൽ ചാടി കുട്ടികളെ കരയ്‌ക്കെത്തിക്കുകയായിരുന്നു. തുടർന്ന് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും , സ്വകാര്യ ആശുപത്രിയിലുമായി കുട്ടികളെ എത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ മല്ലപ്പള്ളിയിൽ ഇന്ന് എത്തിയത്.

കൈപ്പട്ടൂർ സ്വദേശികളായ വിശാഖ് , സുജീഷ് എന്നിവരാണ് അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ചത്. കൈപ്പട്ടൂർ പരുമല കുരിശ് കടവിൽ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം. ഫയർഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.