മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യമെന്ന് സംസ്ഥാന സർക്കാർ ഉൾപ്പെടെ ഹർജിക്കാർ സുപ്രിംകോടതിയിൽ. ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു.

ഡാമിലെ ജലനിരപ്പ് 139 ആയി നിലനിർത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ നിലപാടറിയിക്കാൻ കേന്ദ്രത്തിന് സുപ്രിംകോടതി നിർദേശം നൽകി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികൾ മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.

മുല്ലപ്പെരിയാർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക ക്യാമ്പെയ്‌നാണ് ഉയർന്നിരിക്കുന്നത്. ഒരു ഡാമിന്റെ സ്വാഭാവിക കാലാവധി 50 വർഷമാണെന്നിരിക്കെ മുല്ലപ്പെരിയാർ ഡാം നിർമിച്ചിട്ട് 126 വർഷമായി. അണക്കെട്ടിന്റെ ബലക്ഷയത്തെ തുടർന്ന് ഡികമ്മിഷൻ നീക്കം നടന്നെങ്കിലും തമിഴ്‌നാട് അതിനെ എതിർത്തു. ഇക്കാര്യത്തിൽ കേരളവും തമിഴ്‌നാടും തർക്കം തുടരുകയാണ്.