മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോഴുള്ളത് ചില ആളുകൾ ഉണ്ടാക്കിയ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സോഷ്യൽ മീഡിയയിലൂടെ ചിലർ തെറ്റായ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ ആളുകളിൽ ഭീതി പരത്തുന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല പ്രചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട് നല്ല രീതിയിൽ സഹകരിക്കുന്ന സംസ്ഥാനമാണ്. പ്രശ്‌നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനിടെ അടിയന്തര നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ മലയാളികൾ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്റുമായി രംഗത്തെത്തിയിരുന്നു. ഒറ്റ ദിവസംകൊണ്ട് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം കമന്റുകളാണ് നിറഞ്ഞത്. ‘സേവ് കേരള’യാണ് മിക്കവരും ഉയർത്തിയിരിക്കുന്നത്. വെള്ളം എടുത്തോളൂ എന്നും ജീവൻ എടുക്കരുതെന്നും പറഞ്ഞവരുണ്ട്. മുല്ലപ്പെരിയാർ ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യവും വ്യാപകമായി ഉയർന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ വ്യാപക ക്യാമ്പെയ്‌നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. ഒരു ഡാമിന്റെ സ്വാഭാവിക കാലാവധി 50 വർഷമാണെന്നിരിക്കെ മുല്ലപ്പെരിയാർ ഡാം നിർമിച്ചിട്ട് 126 വർഷമായി. അണക്കെട്ടിന്റെ ബലക്ഷയത്തെ തുടർന്ന് ഡീകമ്മിഷൻ നീക്കം നടന്നെങ്കിലും തമിഴ്‌നാട് അതിനെ എതിർത്തു. ഇക്കാര്യത്തിൽ കേരളവും തമിഴ്‌നാടും തർക്കം തുടരുകയാണ്.

വൃഷ്ടി പ്രേദേശങ്ങളിൽ പെയ്ത ശക്തമായ മഴയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരാനിടയാക്കിയത്. ഇന്നലെ രാത്രിയോടെ ജലനിരപ്പ് 137 അടി പിന്നിട്ടു. നിലവിൽ ഡാമിലെ ജലനിരപ്പ് 137.20 അടിയാണ്. അതേസമയം മഴ ശമിച്ചതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. സെക്കൻഡിൽ 2200 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകി എത്തുമ്പോൾ, തമിഴ്നാട് അത്രയും അളവിൽ തന്നെ വെള്ളം വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ജലനിരപ്പ് 136 അടിയിലും താഴ്ത്തി നിർത്താൻ കഴിയുമെന്നാണ് തമിഴ്നാടിന്റെ പ്രതീക്ഷ.