വാഹന നിർമാതാക്കളായ വോൾവോ പുതിയ ചുവടുവെയ്പുമായി എത്തുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ കാറുകളുടെ ഇന്റീരിയറുകൾ ലെതർ രഹിതമാക്കുമെന്ന് സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ അറിയിച്ചു.

2030 ഓടെ, വോൾവോ നിർമ്മിക്കുന്ന ഓരോ മോഡലും ഇലക്ട്രിക് വാഹനമായിരിക്കും. കൂടാതെ, വോൾവോ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും ക്യാബിൻ പൂർണ്ണമായും ലെതർ രഹിതമാക്കുമെന്നുമാണ് പ്രഖ്യാപനം.

നിർമ്മാതാക്കളുടെ ആദ്യ ഇലക്ട്രിക് വാഹനമായ എക്‌സ്‌സി40 റീചാർജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2022ൽ ഈ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലെതർ രഹിതമാക്കി നിർമ്മിക്കുന്ന ആദ്യ മോഡൽ എന്ന പ്രത്യേക കൂടിയുണ്ട് സി40 റീചാർജിന്.

മൃഗ സംരക്ഷണത്തിന്റെ ഭാഗമായാണ് വോൾവോ ഈ തീരുമാനം എടുത്തത്. മൃഗങ്ങളുടെ ചർമ്മങ്ങളിൽ നിന്നും എടുക്കുന്ന ലെതർ അവയുടെ നിലനിൽപ്പിനു ഭീഷണി ഉയർത്തുന്നു എന്ന് മനസിലാക്കിയതോടെയാണ് നിർമ്മാതാക്കൾ പുതിയ ചുവടുവെയ്പ്പുമായി മുന്നോട്ടു വന്നത്.

നിലവിൽ ഉപയോഗിക്കുന്ന ലെതറിനു പകരം, ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ ഇതര വസ്തുക്കൾ വികസിപ്പിക്കുന്നതിനായാണ് വോൾവോ ശ്രമിക്കുന്നത്. 2025ഓടെ, സ്വീഡിഷ് വാഹന നിർമ്മാതാക്കൾ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും 25 ശതമാനമെങ്കിലും റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നതും പ്രകൃതിദത്തവുമാക്കി മാറ്റും.

നോർഡിക്കോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് ലെതർ മാറ്റിസ്ഥാപിക്കാനാണ് വോൾവോ ശ്രമിക്കുന്നത്. കമ്പനി രൂപകൽപ്പന ചെയ്ത ഒരു വസ്തുവാണ് നോർഡികോ ടെക്‌സ്‌റ്റൈൽ. പല തരത്തിലുള്ള പ്രകൃതിദത്ത ഉത്പന്നങ്ങളിൽ നിന്നുമാണ് ഈ വസ്തു നിർമ്മിച്ചിരിക്കുന്നത്. ഇനി വരാനിരിക്കുന്ന മോഡലുകളിൽ ഈ മെറ്റീരിയൽ അവതരിപ്പിക്കുമെന്ന് വോൾവോ അറിയിച്ചു. കൂടാതെ, മൃഗങ്ങളിൽ നിന്നും നിർമ്മിക്കുന്ന മറ്റ് ഉത്പന്നങ്ങളുടെ ഉപയോഗവും വോൾവോ കുറയ്‌ക്കും.

ഇതോടൊപ്പം വോൾവോ പുതിയ ലോഗോയും പുറത്തിറക്കി. അടുത്തിടെ ബിഎംഡബ്ല്യു, മിനി, നിസാൻ, ഫോക്‌സ്‌വാഗൺ, കിയ എന്നീ കമ്പനികളും അവരുടെ ലോഗോ മാറ്റിയിരുന്നു.