കോഴിക്കോട് നിപ  ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. എംഎൽഎ മുഖാന്തിരം നൽകിയ അപേക്ഷയിലാണ് സർക്കാർ  നടപടി സ്വീകരിച്ചത്.

ആശുപത്രിയില്‍ ചെലവായ 2,42,603 രൂപ അനുവദിച്ച് നല്‍കണമെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് അപേക്ഷ നല്‍കിയിരുന്നു. അനുവദിച്ച തുക കുട്ടിയുടെ രക്ഷിതാവിന് കൈമാറുന്നതിന് കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് കേരളത്തില്‍ വീണ്ടും നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. പാഴൂര്‍ വായോളി ഹൗസില്‍ അബൂബക്കര്‍-വാഹിദ ദമ്പതികളുടെ മകനായ മുഹമ്മദ് ഹാഷിമായിരുന്നു നിപ ബാധിച്ച് മരിച്ചത്.

പന്ത്രണ്ടുകാരനായ ഹാഷിമിന് പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം അഞ്ച് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. മുഹമ്മദ് ഹാഷിമിന് നിപ ബാധയുണ്ടായത് ഏത് സാഹചര്യത്തിൽ നിന്നാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

കുട്ടി കഴി‍ച്ച റംബൂട്ടാൻ പഴത്തിൽ നിന്നാണ് നിപ വൈറസ് ബാധിച്ചതെന്ന് പ്രാഥമിക നി​ഗമനം ഉണ്ടായിരുന്നെങ്കിലും കൂടുതൽ പരിശോധനകളിൽ റംബൂട്ടാനിൽ നിന്നല്ല വൈറസ് ബാധ ഉണ്ടായതെന്ന് വ്യക്തമായി. പക്ഷേ, കൃത്യമായ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. എന്നാൽ ജാ​ഗ്രത തുടരണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.