കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. രാഹുൽ ഒരു പാർട്ട് ടൈം പൊളിറ്റീഷ്യനാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ചൈനയെ പേടിയാണെന്ന രാഹുലിന്റെ പരാമർശത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിന്റെ ചരിത്രമോ, ഭാവിയോ അറിയാത്ത പാർട്ട് ടൈം പൊളിറ്റീഷ്യനാണ് രാഹുൽ ഗാന്ധി. ഇന്ത്യ ആഗോളതലത്തിൽ വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ രാഹുലിനെപോലുള്ളവർ പറയുന്നത് കേൾക്കരുത്. രാജ്യം ആഗോള ശക്തിയായി മാറുന്നതിൽ ഓരോ ഇന്ത്യക്കാരനു അഭിമാനം കൊള്ളണമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

രൂക്ഷമായ പ്രതിസന്ധിയുണ്ടാകുമ്പോൾ രാഹുൽ ഗാന്ധി വിദേശത്തേക്ക് ടൂർ പോകും. രാഹുലിന്റെ പരാമർശങ്ങൾ മറുപടി നൽകേണ്ടതിന്റെ ആവശ്യമില്ല. ഒട്ടും പക്വതയില്ലാത്ത വ്യക്തിയാണ് രാഹുൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ രാഹുൽ ഗാന്ധി രംഗത്ത് വന്നത്. ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിന് പിന്നാലെ വന്ന മാദ്ധ്യമ വാർത്തകൾ കോർത്തിണക്കികൊണ്ടുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പരാമർശം.