സിറോ മലബാര്‍ മെത്രാന്മാരുടെ സിനഡില്‍ പുര്‍ണ്ണ ജനാഭിമുഖ കുര്‍ബാന നിര്‍ത്തലാക്കുന്ന ഗൗരവമേറിയ തീരുമാനം ഓണ്‍ലൈന്‍ മീറ്റിംഗില്‍ സ്വീകരിക്കരുതെന്ന് സിറിയന്‍ കാത്തലിക്ക് ലിറ്റര്‍ജിക്കല്‍ ഫോറത്തിന്റെ ജനറല്‍ കണ്‍വീനര്‍ ഫാ. ജോണ്‍ അയ്യന്‍കാനായില്‍. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പള്ളികളില്‍ കുര്‍ബാന പോലും നടക്കാത്ത സാഹചര്യത്തില്‍ ഇത്തരം ഗൗരവമേറിയ തീരുമാനം മെത്രാന്മാര്‍ നേരിട്ട് സന്നിഹിതരാകുന്ന സിനഡില്‍ വിപുലമായി ചര്‍ച്ച ചെയ്തതിനു ശേഷം എടുക്കുന്നതാണ് വിവേകമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ലിറ്റര്‍ജിക്കല്‍ ടെക്സ്റ്റിന്റെ നവീകരണത്തെക്കുറിച്ച്‌ സിനഡിന്റെ ആവശ്യപ്രകാരം എല്ലാ രൂപതകളിലും ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതിനുശേഷമാണ് മാര്‍പാപ്പയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചത്. പക്ഷേ, പൂര്‍ണമായ ജനാഭിമുഖ കുര്‍ബാനയില്‍ മാറ്റം വരുത്തുന്ന കാര്യം വൈദികരും സന്ന്യസ്തരും അല്മായരുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഏറെ പ്രത്യേകിച്ച്‌ അരനൂറ്റാണ്ടിലേറെക്കാലമായി പൂര്‍ണമായും ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന എറണാകുളം-അങ്കമാലി, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, താമരശ്ശേരി, മാനന്തവാടി എന്നീ രൂപതകളില്‍ പുര്‍ണ്ണ ജനാഭിമുഖ കുര്‍ബാനയില്‍ മാറ്റം വരുത്തുന്നതിന് മുമ്ബ് ഗൗരവമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. സാധാരണ വിശ്വാസികള്‍ക്ക് യാതൊരു പരിചയവുമില്ലാത്ത പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായ കുര്‍ബാന സിനഡ് പിതാക്കന്മാര്‍ അടിച്ചേല്പി ക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയങ്ങള്‍ക്ക് കടകവിരുദ്ധമാണെന്നും ഇപ്പോള്‍ പൂര്‍ണ്ണമായും ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന രൂപതകളില്‍ അത് വലിയ അന്തച്ഛിദ്രത്തിനും സംഘര്‍ഷത്തിനും കാരണമാകുമെന്നും പുതുതായി രൂപം കൊണ്ട സിറിയന്‍ കാത്തലിക്ക് ലിറ്റര്‍ജിക്കല്‍ ഫോറം ഏകകണ്‌ഠേന അഭിപ്രായപ്പെട്ടു.
ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായ തീരുമാനം അടിച്ചേല്പിച്ചാല്‍ ഉണ്ടാകുന്ന ഗൗരവമായ പ്രശ്‌നങ്ങളെക്കുറിച്ച്‌ എത്രയും വേഗം ഇന്ത്യയിലും റോമിലുമുള്ള സഭാധികാരികളെ ഭീമ ഹര്‍ജികള്‍ വഴി അറിയിക്കുമെന്നും യോഗം തീരുമാനിച്ചു. വിവിധ രൂപതകളില്‍ നിന്നുമുള്ള വൈദിക പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഫാ. ജോസ് ഇടശ്ശേരി (എറണാകുളം-അങ്കമാലി), ഫാ. ഡേവീസ് ചക്കാലയ്ക്കല്‍ (തൃശ്ശൂര്‍), ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ (ഇരങ്ങിലാക്കുട), ഫാ. ജോസ് വടക്കേടം, (താമരശ്ശേരി) ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ (പാലക്കാട്) എന്നിവരെ സിറിയന്‍ കാത്തലിക് ലിറ്റര്‍ജിക്കല്‍ ഫോറത്തിന്റെ കണ്‍വീനര്‍മാരായും ഫാ. രാജന്‍ പുന്നയ്ക്കലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.