താലിബാനെതിരെ പോരാടുന്ന അഫ്ഗാന്‍ സുരക്ഷാ സേനയെ (Afghan Army) പിന്തുണയ്ക്കുന്നതിനായി യു.എസ് വ്യോമസേന അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതായി യുഎസ് വക്താവ് ജോണ്‍ കെര്‍ബി. വ്യാഴാഴ്ചയാണ് യുഎസ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി യുഎസ് വ്യോമസേന (US Airforce) വ്യോമാക്രമണങ്ങള്‍ നടത്തിയതായാണ് യുഎസ് സ്ഥിരീകരിച്ചിരിക്കുന്നത്.
യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ (Air Strike) കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ അഞ്ച് താലിബാന്‍ തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. വ്യോമാക്രമണത്തെക്കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തനിക്കാവില്ലെന്നും അഫ്ഗാന്‍ സുരക്ഷാ സേനയെയും അഫ്ഗാന്‍ സര്‍ക്കാരിനെയും മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നതിന് യുഎസ് പ്രതിജ്ഞാബദ്ധമാണെും യുഎസ് വക്താവ് ജോണ്‍ കെര്‍ബി പറഞ്ഞു.
യുഎസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മക്കെന്‍സിയാണ് അഫ്ഗാനിസ്ഥാനിലെ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ജോണ്‍ കെര്‍ബി സ്ഥിരീകരിച്ചു. 20 വര്‍ഷത്തിന് ശേഷം യുഎസ് സൈന്യം (US Army) പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താലിബാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാന്റെ 90 ശതമാനം അതിര്‍ത്തികളുടെയും നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും അഫ്ഗാന്‍ സേന മുന്‍പ് പിടിച്ചെടുത്ത പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്പിന്‍ ബോള്‍ഡാക്ക് അതിര്‍ത്തി വീണ്ടും ഏറ്റെടുത്തുവെന്നുമാണ് താലിബാന്റെ ഏറ്റവും പുതിയ അവകാശവാദം. അഫ്​ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ താലിബാന്‍ അഫ്​ഗാന്‍ സൈന്യത്തിന് നേരെ നിരന്തര ആക്രമണം അഴിച്ചുവിട്ടിരുന്നു.