തിരുവനന്തപുരം: ജില്ലയില്‍ ചിക്കുന്‍ഗുനിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നു കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. കൊതുക് പെരുകാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

ഈഡിസ് വിഭാഗം കൊതുകുകളാണു ചിക്കന്‍ഗുനിയയ്ക്കും ഡെങ്കിപ്പനിക്കും കാരണം. ഇവ വളരെ കുറച്ചു ജലത്തില്‍പ്പോലും മുട്ടയിട്ടു പെരുകും. അതിനാല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുളള എല്ലാ വസ്തുക്കളും വീടിന്റെ പരിസരത്ത് നിന്ന് ഒഴിവാക്കണം. പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഉപയോഗിക്കാത്ത പാത്രങ്ങള്‍, ടയര്‍, ചിരട്ടകള്‍ തുടങ്ങിയവ വൃത്തിയാക്കി വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കണം. ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, ടെറസ്, സണ്‍ ഷെഡ്, കട്ടി കൂടിയ ഇലകള്‍ എന്നിവയിലും വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. എ.സിയിലെ വെള്ളം വീഴുന്ന ട്രേ, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, മണി പ്ലാന്റ് വച്ചിരിക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ഇടയ്ക്കിടെ മാറ്റി വൃത്തിയാക്കി സൂക്ഷിക്കണം. ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസറ്റുകള്‍ ഇടയ്ക്ക് ഫ്‌ളഷ് ചെയ്യണം.

പനി, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണു ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍. പനി, കടുത്ത തലവേദന, ശരീരവേദന, സന്ധി വേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇവ ഉണ്ടായാല്‍ സ്വയം ചികിത്സ ചെയ്യരുത്. ഈ- സഞ്ജീവനിയിലൂടെ ചികിത്സ തേടാം.

ലോക്കഡൗണ്‍ കാലത്ത് കോവിഡ് ജാഗ്രതയ്ക്കൊപ്പം കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനം കൂടി ശക്തിപ്പെടുത്തണം. കൂടാതെ കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ലേപനങ്ങള്‍ പുരട്ടുക, ശരീരം പൂര്‍ണ്ണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, പകല്‍ ഉറങ്ങുമ്ബോഴും കൊതുക് വല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു.