ന്യൂയോർക്ക്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം വിജയകരമാക്കി മാറ്റുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ. രാഹുലിന്റെ പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടെ പങ്കാളിത്തവും പിന്തുണയും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കർണാടക തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വർഗീയ ശക്തികൾക്കെതിരായ കോൺഗ്രസിന്റെ കരുത്ത് കാട്ടിത്തന്നു. അതുകൊണ്ടുതന്നെ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ് 30നാണ് രാഹുൽ അമേരിക്കയിലെത്തുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയുടെ നേതൃത്വത്തിൽ ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഐഒസിയുടെ നേതൃത്വത്തിൽ നടക്കുന്ന രാഹുലിന്റെ പരിപാടികളിൽ അമേരിക്കയിലെ യുഡിഎഫ് അനുഭാവികളും കോൺഗ്രസ് പ്രവർത്തകരും സജീവമയി പങ്കെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള എന്നിവർ ഐസിസിക്ക് നിർദേശം നൽകിയതായി ജെയിംസ് കൂടൽ പറഞ്ഞു.