കാത്മണ്ഡു: നേപ്പാള്‍ മലനിരകളില്‍ ഇന്നലെ തകര്‍ന്നുവീണ യതി എയര്‍ലൈന്‍സ് യാത്രാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകട സ്ഥലത്തുനിന്നുതന്നെയാണ് ബ്ലാക് ബോക്‌സും ലഭിച്ചത്. ഇതോടെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ആരുംതന്നെ രക്ഷപ്പെട്ടിട്ടില്ലെന്നും നേപ്പാള്‍ സൈനിക പ്രതിനിധി ഷെര്‍ ബാത് താക്കൂര്‍ അറിയിച്ചു.

എടിആര്‍-72 ഇരട്ട എന്‍ജിന്‍ വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരും നാല് ജിവനക്കാരുമടക്കം 72 പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. പൊഖറയില്‍ പുതുതായി തുറന്ന വിമാനത്താവളത്തില്‍ ലാന്‍ഡിന് സെക്കന്‍ഡുകള്‍ ശേഷിക്കേയാണ് അപകടം. ആറ് കുട്ടികളും മരിച്ചവരില്‍ പെടുന്നു.

അപകട സമയത്ത് വിമാനത്താവളത്തില്‍ കാഴ്ചപരിധി പ്രശ്‌നമില്ലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ സാങ്കേതിക തകരാറോ പൈലറ്റിന്റെ പിഴവോ ആയിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക സൂചന.

അതേസമയം, അപകടത്തിപെട്ട 9എന്‍-എന്‍സി എടിആര്‍-72 വിമാനം മുന്‍പ് വായ്പ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ ഉപയോഗിച്ചിരുന്നതാണെന്ന് സ്ഥിരീകരിച്ചു. സിറികം ഫ്‌ളീറ്റ്‌സ് ഡാറ്റയിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരമുള്ളത് 2007ല്‍ ഈ വിമാനം കിംഗ്ഫിഷര്‍ വാങ്ങിയതായിരുന്നു. ആറ് വര്‍ഷത്തിനു ശേഷം തായ്‌ലാന്‍ഡിലെ നോക് എയര്‍ വാങ്ങി. 2019ലാണ് വിമാനം നേപ്പാള്‍ ആസ്ഥാനമായ യതി എയര്‍ലൈന്‍സ് വാങ്ങുന്നത്.

72 പേര്‍ക്കുള്ള സീറ്റിംഗ് കപ്പാസിറ്റി ഉള്ളതിനാലാണ് എടിആര്‍-72 എന്ന പേര് നല്‍കിയിരിക്കുന്നത്. നിലവില്‍ നേപ്പാളില്‍ ബുദ്ധ എയറിനും യതി എയര്‍ലൈന്‍സിനും മാത്രമാണ് എടിആര്‍-72 വിമാനമുള്ളത്.