ആലപ്പുഴ: അശ്‌ളീല വീഡിയോയുടെ പേരില്‍ ഏരിയാകമ്മറ്റിയംഗത്തെ പുറത്താക്കിയ പാര്‍ട്ടി പ്രശ്‌നം പരിശോധിക്കാന്‍ വീഡിയോ കണ്ടത് നേതാക്കളെല്ലാവരും കൂടി ഒരുമിച്ചിരുന്ന്. പാര്‍ട്ടി ഓഫീസിലെ സ്റ്റുഡിയോയില്‍ കംപ്യൂട്ടറില്‍ കണക്ട് ചെയ്താണ് ദൃശ്യങ്ങള്‍ കണ്ടതെന്നാണ് വിവരം.

എന്നും കാണുന്ന പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരായ വനിതകളുടേയും സഹപ്രവര്‍ത്തകരുടെ ഭാര്യമാരുടേയും നഗ്നദൃശ്യങ്ങളാണ് നടപടിയുടെ ഭാഗമായി നേതാക്കള്‍ ഒന്നിച്ചിരുന്ന് കണ്ടത് പാര്‍ട്ടിക്കുള്ളിലും വിവാദമായിട്ടുണ്ട്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവം പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ പാര്‍ട്ടി വെച്ചിരുന്നു. കമ്മീഷന്‍ ശേഖരിച്ച ദൃശ്യങ്ങളാണ് നേതാക്കളും കണ്ടത്. സംഭവത്തില്‍ നേരത്തേ പാര്‍ട്ടിയില്‍ പരാതി കിട്ടിയെങ്കിലും ഇങ്ങിനെ ഒരു ദൃശ്യമുണ്ടോ എന്ന് ജില്ലാ സെക്രട്ടേറിയേറ്റില്‍ സംശയം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ദൃശ്യം പരിശോധിക്കാമെന്ന് തീരുമാനം വന്നത്.

പിന്നീട് കമ്മീഷന്‍ ശേഖരിച്ച ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് നേതാക്കള്‍ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്ത് കാണുകയായിരുന്നു. നേതാക്കള്‍ ഒരുമിച്ചിരുന്ന് വീഡിയോ കണ്ടത് വിവാദമായി മാറിയിട്ടുണ്ട്. ഏരിയാകമ്മറ്റിയംഗം ചെയ്തതിന് സമാനമായ കുറ്റമായി ഇതിനെ ചിലര്‍ വിലയിരുത്തുമ്പോള്‍ നടപടിയെ ഒരു വിഭാഗം ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം പരാതി കിട്ടിയിട്ടില്ലാത്തതിനാല്‍ പോലീസ് കേസില്‍ ഇടപെട്ടില്ല.

പരാതി കിട്ടിയിട്ടും പാര്‍ട്ടി നടപടി നീട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. അശ്ലീല വിഡിയോയുടെ പേരിൽ പാർട്ടിയിൽ നിന്ന് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി. സോണയെയാണ് പുറത്താക്കിയത്.