മുന്‍ ബ്രിട്ടീഷ് പ്രധാനമമന്ത്രിയെ തേടിയുള്ള മത്സരത്തില്‍ ധനകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് മുന്നേറ്റം തുടരുന്നു. നാലാം റൗണ്ട് വോട്ടിംഗില്‍ 118 വോട്ടുകള്‍ക്ക് ഋഷി വിജയിച്ചു. ബോറിസ് ജോണ്‍സണു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായി മാറാന്‍ അദ്ദേഹത്തിന് ഇനി അവസാനത്തെ രണ്ടു കടമ്പകള്‍ മാത്രം. 

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള നാലാം റൗണ്ട് വോട്ടെടുപ്പിലും, ഋഷി സുനക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തി, മൂന്നാം റൗണ്ടില്‍ 115 ല്‍ നിന്ന് 118 ആയി വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചു, ട്രേഡ് മന്ത്രി പെന്നി മൊര്‍ഡോണ്ടിന് 92 വോട്ടും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടും ലഭിച്ചു. പ്രധാനമായും രണ്ടാം സ്ഥാനത്തേയ്ക്കുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച നടക്കുന്ന അവസാന റൗണ്ട് വോട്ടെടുപ്പില്‍ പ്രവേശിക്കും, അതില്‍ ഏറ്റവും മുന്നിലുള്ള രണ്ട് പേര്‍ ടോറി പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയ്ക്കായി മത്സരിക്കും.

ഇപ്പോള്‍ 118 എംപിമാരുടെ പിന്തുണയുള്ള ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി, അവസാന രണ്ടില്‍ തന്റെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. രണ്ടു പേരുടെ വോട്ടു കൂടി നേടിയാല്‍ അതായത് 120 വോട്ടുകള്‍ ലഭിച്ചാല്‍  കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്നിലൊന്ന് എംപിമാരുടെ പിന്തുണ ലഭിക്കും. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി സെപ്റ്റംബര്‍ 5 ന് തിരഞ്ഞെടുക്കപ്പെടും.

 അഴിമതി ആരോപണങ്ങളും അതില്‍ പ്രതിഷേധിച്ച് മന്ത്രിമാരുടെ രാജികളും മൂലം ജൂലൈ 7 നാണ് യു കെ പ്രധാനമന്ത്രി  ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞത്. ഇതോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ആരംഭിച്ചത്. ഋഷി സുനകിന് എതിരെയാണ് സ്്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസിന്റെ നിലപാട്. ഋഷിയ്ക്ക് വോട്ടു ചെയ്യരുതെന്ന് ബോറിസ് പരസ്യമായി ടോറി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.