അന്നും പതിവുപോലെ അവളുടെ വാട്സാപ്പ് സന്ദേശം വന്നതറിയിക്കുന്ന ഫോണിലെ റിംഗ്ടോണ്‍, സ്റ്റാഫുമായി മീറ്റിങ്ങില്‍ ഇരിക്കവേ തുടരെ തുടരെ ശബ്ദിച്ചുകൊണ്ടേയിരുന്നു. മീറ്റിംഗ് റൂം ആയതിനാല്‍ ഭാഗ്യത്തിന് ഫോണുകളില്‍ മാത്രമേ അത് ശബ്ധിച്ചുള്ളൂ. എന്റെ ഓഫീസില്‍ ആയിരുന്നെങ്കില്‍, അവള്‍ മിക്കപ്പോഴും ഫേസ്ബുക്ക്‌ മെസ്സെന്‍ജര്‍ വഴിയാവും വിളിക്കാറ് – അപ്പോള്‍ ഫേസ്ബുക്ക്‌ തുറന്നുവെച്ചിരിക്കുന്ന രണ്ടു ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ എല്ലാം വാണിംഗ് ടോണ്‍ വന്നു അലയടിച്ചുകൊണ്ടിരിക്കും. ഇടക്കൊക്കെ അത് അരോചകമായി തോന്നുമ്പോള്‍ ഞാന്‍ മനസ്സാ പറയുമായിരുന്നു “ഇവള്‍ക്കൊക്കെ വേറെ പണിയൊന്നുമില്ലേ’ യെന്ന്.

‘ഗുരുനാഥന്‍ നിന്ന് പാത്തിയാല്‍ പിള്ളേര് നടന്നു പാത്തും’ എന്ന ഒരു പഴമൊഴി വളരെ ചെറുപ്പത്തിലെ തന്നെ തന്റെ അച്ഛനില്‍ നിന്നും കേട്ടു ശീലിച്ചിട്ടുള്ളതാണ്. അച്ഛന്‍, ഞങ്ങളുടെ വീട്ടില്‍ പണിക്കുവരുന്ന ആശാരി, വേലി / മുള്ളുവെട്ടു പണിക്കാര്‍, പാടത്ത് പണിയുന്നവര്‍ എന്നിവരുടെ കൂടെയെല്ലാം നിന്ന് അവര്‍ക്ക് രസകരമായ കഥകള്‍ പറഞ്ഞു കൊടുക്കുക പതിവായിരുന്നു. പണിക്കാര്‍ അവരുടെ ജോലിയില്‍ എപ്പോഴും വ്യാപ്രുതര്‍ ആയിരിക്കുമെങ്കിലും മുതലാളിയായ അച്ഛനെ നീരസപ്പെടുത്താന്‍ പാടില്ലല്ലോ എന്നതിനാലും കുറെ നല്ലോണം ചിരിക്കാന്‍ വകയുള്ള കഥകളുടെ കെട്ടുകളാണ് അച്ഛന്‍ പലപ്പോഴും പൊട്ടിക്കാറ് എന്നതിനാലും അവരെല്ലാം വളരെ ആവേശത്തോടെ അച്ഛന്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ ശ്രദ്ധാലുക്കാളായിരിക്കും. ആ രസകരമായ കഥകളുടെ കെട്ട് ഇപ്പോള്‍ ഞാനും ഇവിടെ പൊട്ടിക്കുന്നില്ല. അന്ന് കേട്ട, മുകളില്‍ പറഞ്ഞ ആ പഴമൊഴി ഓര്‍മവന്നതോണ്ട് മാത്രം ഇത്രയും പറഞ്ഞെന്നേയുള്ളൂ.

അവള്‍ നാട്ടില്‍ ഒരു വലിയ എഴുത്തുകാരിയാണെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അടുത്തുള്ള ഏതോ സ്കൂളില്‍ സംഗീതം പഠിപ്പിക്കുന്ന ടീച്ചര്‍. അവള്‍ എന്റെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ കണ്ട്, അതിലൂടെ വിശദമായി സഞ്ചരിച്ച്, ഞാന്‍ ഒരു സീദാ-സാധാ ആധ്മി (ഇടക്കൊക്കെ അവള്‍ ഹിന്ദിയിലും സംവദിക്കും) ആണെന്ന് മനസ്സിലാക്കിയതിനാലാണ് എനിക്കു ഫ്രണ്ട്-റിക്വസ്റ്റ് അയച്ചതും എന്നെ കൂട്ടാളിയാക്കിയതുമത്രേ! മാത്രമല്ല ഞാന്‍ മിക്കവാറും ദിവസേന പോസ്റ്റുന്ന നല്ല നല്ല സന്ദേശങ്ങള്‍, വിവരദായകമായ പോസ്റ്റുകള്‍, എന്റെ സ്വയം ശ്രുഷ്ടികളായ ചെറിയ ചെറിയ അനുഭവകഥകള്‍, യാത്രാവിവരണങ്ങള്‍, നുറുങ്ങു കവിതകള്‍ എന്നിവയൊക്കെ അവള്‍ക്കു ഒരു പാട് ഇഷ്ടമായിരുന്നു പോലും. എന്റെ ഫ്രണ്ട്സ് 5,000 കവിഞ്ഞതും അവള്‍ക്കു കൌതുകമായി. എനിക്കു ഇനിയും ഒരുപാട് പേരെ ചേര്‍ക്കാന്‍ ഉണ്ടെന്നും, അവരെല്ലാം പുറത്തു കാത്തു നില്‍പ്പാണെന്നും കൂടെ കേട്ടപ്പോള്‍ അവള്‍ അന്തംവിട്ടുപോയി എന്നാണ് പറഞ്ഞത്!

ഒരിക്കല്‍, ഒരു വെള്ളിയാഴ്ച (എന്റെ അവധിദിനം) എന്നെക്കുറിച്ച് കൂടുതല്‍ അറിയാനായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഫോണ്‍ വിളിയുണ്ടായി. ഞാന്‍ വളരെ പാവപ്പെട്ട ഒരു കര്‍ഷക കുടുംബത്തില്‍ പിറന്നവനാണെന്നും, ചെറുപ്പകാലം വളരെ കഷ്ട്ടപെട്ടു വളര്‍ന്നു, ഒരു ബിരുദം നേടുകയും (കുടുമ്പത്തിലെ ആദ്യ ബിരുദം നേടുന്നവന്‍) പിന്നീട് എന്തോ ഭാഗ്യം കൊണ്ടു ഗള്‍ഫില്‍ തരക്കേടില്ലാത്ത ഒരു ജോലിയില്‍ പ്രവേശിക്കുകയും, പിന്നീടങ്ങിനെ വളര്‍ന്നു വളര്‍ന്നു ഒരു കമ്പനിയുടെ ഉന്നത പോസ്റ്റ്‌ ആയ വൈസ് പ്രസിഡന്റ് തസ്തികയില്‍ എത്തിപ്പെട്ട് താന്‍ തന്നെ വിചാരിക്കാത്ത ഉന്നത സൌകര്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കയാണെന്നുമൊക്കെ കേട്ടപ്പോള്‍ അവള്‍ വിസ്മയിച്ചുപോയി. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട, അന്തരിച്ച ശ്രീ. സുകുമാരന്‍ അഭിനയിച്ച, ശ്രീ. എം.ടി. വാസുദേവന്‍ നായരുടെ കഥയില്‍ “വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍” എന്ന സിനിമയിലെ നായക കഥാപാത്രമായി എന്നെ കാണുന്നെന്നു അവള്‍ പറയുകയുണ്ടായി. 80-കളില്‍ ശ്രീ. സുകുമാരന്‍ മലയാള സിനിമയില്‍ കത്തി നിന്നിരുന്ന കാലവുമായിരുന്നു. ആ സിനിമയിലന്ന് ശ്രീ. മമ്മൂട്ടി ഒരു ചെറിയ റോളില്‍ മാത്രമായിരുന്നു.

അങ്ങിനെ അവള്‍ക്ക് എന്നോടുള്ള ഇഷ്ടം ഒരുപാട് കൂടി. അവള്‍ ഓരോ ചാറ്റുകളിലും വാട്സാപ്പ് കാളുകളിലും എന്നെ പലരീതിയില്‍ പ്രലോഭിച്ചുകൊണ്ടേയിരുന്നു. കഴിയുമെങ്കില്‍ ഒരു വിസിറ്റ് വിസ തരമാക്കി അവളെ ഗള്‍ഫില്‍ കൊണ്ടുവന്നു കാണിക്കാമോ എന്നുവരെ പറയുമായിരുന്നു; നീ എന്റെ കള്ളകൃഷ്ണനാണെന്ന് പറഞ്ഞു എന്നെ കളിയാക്കാറും ഒരു പതിവായിരുന്നു.
ഞാന്‍ ചോദിച്ചു: നിനക്കവിടെ നിന്നെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവും ഒരു കുഞ്ഞു മോളും ഇല്ലേ? എന്നിട്ടും നീയിങ്ങിനെ….?”
“അതൊക്കെയുണ്ട്‌, പക്ഷെ നന്ദുകുട്ടനില്‍ നിന്നും കിട്ടുന്ന ആ ഒരു സുഖം, നിന്റെ സംസാര ചാതുര്യം, നിന്റെ ആ അണതീരാത്ത സ്നേഹം… അതൊന്നും എനിക്കു കിട്ടുന്നില്ല ഇവിടെ!” – അവള്‍ പറഞ്ഞു നിര്‍ത്തി.

പിന്നീട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു: ‘നിനക്കെങ്ങിനെ എന്നെപറ്റി ഇത്രയും ഗാഡമായി അറിയാന്‍ കഴിഞ്ഞു?’
“എന്റെ നന്ദുകുട്ടാ, അതിനാണോ ഇപ്പോഴത്തെ കാലത്ത് പ്രയാസം? നിന്റെ ഫേസ്ബുക്ക് പ്രൊഫൈലും ലിങ്ക്ഡ്ഇന്‍ പ്രൊഫൈലും ഒക്കെയൊന്ന് കയറിഇറങ്ങിയാല്‍ പോരെ… കുട്ടാ” – അവളുടെ ഇത്രയും അടുപ്പത്തിലുള്ള വിളിയുമൊക്കെ എന്നെ അവളിലേക്ക്‌ ഹടാദാകര്‍ഷിക്കുകയായിരുന്നെന്നു പറഞ്ഞാല്‍ മതിയല്ലോ! ഇതൊക്കെ ഞാന്‍ മനസ്സിലാക്കുമ്പോഴേക്കും വൈകി! എന്നെ അവള്‍ അത്രക്കും സ്നേഹിക്കുന്നതായി എന്റെ ഉപബോധമനസ്സ് മനസ്സിലാക്കി.

ഇനി നാട്ടില്‍ വരുന്ന വേളയില്‍, കേരളത്തിന്റെ ഏതാണ്ട് ഇങ്ങേ കോണില്‍ കിടക്കുന്ന ഞാന്‍ എന്തായാലും തിരുവനന്തപുരത്തേക്കു പിടിക്കണമെന്നും, ഞാനുമായി അര ദിവസമോ ഒരു ദിവസം മുഴുവനോ ചിലവിടാന്‍ അവസരം അവള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ഞാന്‍ ആലോചിച്ചില്ല.

അവധിക്കു ചെന്നപ്പോള്‍, വീട്ടില്‍ നിന്നും ഒരു ദിവസം തിടുക്കത്തില്‍ യെങ്ങോട്ടുപോകുന്നു എന്ന ഭാര്യയുടെ ചോദ്യത്തിന്, തിരുവനന്തപുരത്തേക്കെന്നും, അവിടെ ഒരു സാഹിത്യപരിപാടിയില്‍ പങ്കെടുക്കേ ണ്ടതുണ്ടെന്നും പറഞ്ഞപ്പോള്‍, പൊതുവേ ഇത്തരം പരിപാടികള്‍ക്കൊന്നും വരാത്ത അവള്‍ ചിരിച്ചുകൊണ്ട് സമ്മതം തന്നുവിടുകയാണുണ്ടായത്.

എന്നോട് തിരുവനന്തപുരം തീവണ്ടി സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്ന അവസരത്തില്‍ അവള്‍ അവിടെ കാത്തുനില്‍പ്പുണ്ടാവുമെന്നു അറിയിച്ചതിന്‍ പ്രകാരം, അവള്‍ എന്നെ സ്വീകരിക്കാനായി പ്ലാറ്റ്ഫോമില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. പുറത്തു ഒരു മാരുതിക്കാര്‍ (അവളുടെ സുഹൃത്തിന്റെയെന്നാണ് പറഞ്ഞത്) പാര്‍ക്ക്‌ ചെയ്തതില്‍ എന്നെയും കൂട്ടി അവള്‍ അവളുടെ വീട്ടിലേക്കു യാത്രയായി.
ഞാന്‍ ചോദിച്ചു, നീ എന്നെ നിന്റെ വീട്ടിലേക്കാണോ കൊണ്ടുപോകുന്നത്?
“അതിനെന്താ?” വീട്ടില്‍ ഇപ്പോള്‍ ആരും ഇല്ലെന്നും. ഹസ്ബന്റ് ജോലിക്കും മോള്‍ സ്കൂളിലും പോയെന്നുമാണ് പറഞ്ഞത്.
വീട്ടിലെത്തി, കാര്‍ പാര്‍ക്ക്‌ ചെയ്തു, ഞങ്ങള്‍ ഉള്ളിലേക്ക് പ്രവേശിച്ചു. വളരെ ഭംഗിയായി അലങ്കരിച്ചു വെച്ചിരിക്കുന്ന സ്വീകരണമുറി. ടി.വി., ഗ്രാമഫോണ്‍ യെന്നിവയൊ ക്കെയും ഉണ്ട്. ഗ്രാമഫോണില്‍ ഇടക്കെല്ലാം പഴയ പാട്ടുകള്‍ ഇട്ടു കേള്‍ക്കുമത്രേ, ഭര്‍ത്താവിനും അതൊക്കെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞു. അവള്‍ ചായ ഉണ്ടാക്കട്ടെ എന്നും പറഞ്ഞു കൊണ്ടു അടുക്കളയിലേക്കു പോയി.

ഉടനെ അടുത്ത കിടപ്പുമുറിയില്‍ നിന്നും ‘ശാന്തേ നീ വന്നുവോ, കുടിക്കാന്‍ അല്‍പ്പം വെള്ളം യെടുത്തോണ്ട് വാ’ എന്നൊരു പുരുഷശബ്ദം കേട്ടു. ഞാന്‍ കരുതി അവളുടെ അച്ഛനോ മറ്റോ വന്നിട്ടുണ്ടാകും, കിടക്കുകയാവും എന്ന്.

അവള്‍ ഉടനെ എന്നെയും അവരുടെ കിടപ്പുമുറിയിലേക്ക് വിളിച്ചു. എന്നിട്ട് അവള്‍ അയാളോട് പറഞ്ഞു: “ചേട്ടാ ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട, സ്വപ്നങ്ങളിലെ രാജകുമാരന്‍”. അയാള്‍ ആവേശത്തോടെ ആരാഞ്ഞു: ‘ആര്, നിന്റെ നന്ദുവോ?”
അദ്ധേഹത്തെ ഞാനൊന്ന് സൂക്ഷിച്ചു നോക്കി. ഏതാണ്ട് അറിയാവുന്ന മുഖച്ചായ! ഞാനും ആവേശത്തോടെ ആരാഞ്ഞു….
’ഇത് ഞങ്ങളുടെ കോളേജ് യുഗത്തിലെ ആവേശമായിരുന്ന ശ്രീ. മുരളി (SFT യുടെ ആവേശമായിരുന്നു അന്നവന്‍) അല്ലേ?’
“അതേ…” അവന്‍ ഒന്നു വിരാമമിട്ടുകൊണ്ട് പറഞ്ഞു. “എടാ നന്ദൂ, നീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആയിരുന്നു എന്ന കാര്യവും, നമ്മള്‍ ഒരിക്കല്‍ ഒരു കോളേജ്-ഡേ ദിവസം പനംകള്ള് വാങ്ങി കുടിച്ചു ശർദ്ധിച്ചു പരവശനായതും എല്ലാം ഞാന്‍ ഇവളുമായി പങ്കുവെക്കുമായിരുന്നു. അവളാണ് നിന്നെ ഫേസ്ബുക്കില്‍ കണ്ടെത്തി ഇങ്ങിനെ ചങ്ങാത്തം സ്ഥാപിച്ചതും, നിന്നെ ഇപ്പോള്‍ ഇവിടെ എത്തിച്ചതും. ആ ദിവസങ്ങളിലും നീ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇന്ന് എനിക്കു എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിയാത്ത യീ അവസ്ഥയില്‍ ആയിപ്പോയി! ഒരു പനി വന്നതാ…. അത് പിന്നെ നീണ്ടു നീണ്ടു തളര്‍വാതവും ബി.പി.യും, പ്രമേഹവും…ഇപ്പോള്‍ കരളിനു കാന്‍സറും ഉണ്ടെന്നു ഡോക്ടര്‍ വിധിയെഴുതി, മരണത്തേയും കാത്തു കഴിയുകയാ….”

ഇവളോട്‌ നിന്നെ കുറിച്ച് എപ്പോഴും പറയുമായിരുന്നു, എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരന്‍ ആണെന്നതിനാല്‍… കോളേജ് ജിവിതം അവസാനിച്ചപ്പോള്‍ നമ്മളെല്ലാം ഓരോ വഴിക്ക് പിരിഞ്ഞതല്ലേ… ഇനി കാണുമെന്നു കരുതിയതല്ലാ… ഇവള്‍ ഒറ്റയാളാണ് നിന്നെ വീണ്ടും യെന്നിലേക്കെത്തിച്ചത്. നിന്നെ ഒന്ന് കാണുക എന്ന് മാത്രമായിരുന്നു എന്റെ അതിയായ മോഹം… കാരണം, നമ്മള്‍ കൂട്ടുകാര്‍ ഒന്നിച്ചു പാലക്കാട് ന്യൂ തിയറ്ററില്‍ പോയി കണ്ട “വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍”-ലെ അതേ നായകനെപോലെ ആയെന്നു ഞാന്‍ അറിഞ്ഞിരുന്നു…. അന്ന് നമ്മള്‍ സഹപാഠികള്‍ പറഞ്ഞത് ഓര്‍ക്കുന്നില്ലേ? നമ്മളില്‍ ആരെങ്കിലും യീ സുകുമാരന്റെ റോളില്‍ ജീവിതത്തില്‍ ആയിത്തീര്‍ന്നുവെങ്കില്‍ എന്ന്? നിന്നെ ഒന്ന് കാണുക, അത്രേ വേണ്ടു… അതിവള്‍ ഇങ്ങിനെ സാധിച്ചുതന്നു. ഒരുപാട് നന്ദി…. ഇരുവര്‍ക്കും.
ഒരു സിനിമാകഥയിലെ ക്ലൈമാക്സ്‌ രംഗം പോലെ…. ഞാന്‍ അവരോടുത്തു ആ ദിവസം മുഴുവനും ചിലവഴിച്ചു. ഒപ്പം വീട്ടില്‍ ഭാര്യയെ വിളിച്ചു യീ നടന്ന കഥകളെല്ലാം അവതരിപ്പിച്ചു. അവള്‍ക്കും സന്തോഷമായി. മുരളിചേട്ടനു കഴിയാവുന്ന സഹായങ്ങള്‍ ചെയ്തേച്ചേ തിരിച്ചു വരാവൂ എന്നും അവള്‍ ശട്ടം കെട്ടി, കാരണം എന്റെ സഹപാഠിയായിരുന്ന മുരളിയെ കുറിച്ച് ഞാന്‍ അവളോടും എല്ലാം പറഞ്ഞിട്ടുള്ളതിനാലും, തിരുവനന്തപുരത്തും എനിക്കറിയാവുന്ന നല്ല ഡോക്ടര്‍മാരും ആശുപത്രികളും ഉണ്ടെന്ന് ഭാര്യക്ക് അറിയാമായിരുന്നതിനാലും. അതെല്ലാം ഏര്‍പ്പാടാക്കി, മുരളിയോടു ഞാന്‍ പറഞ്ഞു: “ജീവിതം ഒന്നേയുള്ളൂ… പ്രതീക്ഷ ഒരിക്കലും കൈവിടാതിരിക്കുക… താന്‍ ജീവിതത്തിലേക്ക് തിരികെ വരും… എനിക്കു നല്ല പ്രതീക്ഷയുണ്ട്”. അവന്റെ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു. അതില്‍ ആശ നിഴലിച്ചിരുന്നു. ഞാന്‍ തിരിച്ച് എന്റെ നാട്ടിലേക്കും.

~~~~

  • ഇടത്തൊടി കെ. ഭാസ്കരന്‍

കഥാകൃത്ത്‌:
39 വര്‍ഷങ്ങളായി (28 വര്‍ഷം സൌദിയിലും കഴിഞ്ഞ 11 വര്‍ഷങ്ങളായി ബഹ്രൈനിലും) പ്രവാസി. സൌദിയില്‍ ‘വേള്‍ഡ് മലയാളി കൌണ്‍സില്‍ – ദമ്മാം പ്രോവിൻസിന്റെ പ്രസിഡണ്ട്‌ (2 തവണ), ‘വേള്‍ഡ് മലയാളി കൌണ്‍സില്‍ – മിഡില്‍ ഈസ്റ്റ് വൈസ് ചെയര്‍മാന്‍, ഗള്‍ഫിലെ യാത്രാ സമിതിയുടെ സൗദി എക്സിക്യുട്ടീവ് അംഗം, മലയാളി ഫ്രണ്ട്സ് ഗ്രൂപ്പിന്റെ (അഹമ്മദാബാദില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടന) ബഹ്രൈന്‍ കോ-ഓർഡിനേറ്റർ, ബ്ലഡ്‌ ഡോനേഴ്സ് കേരളയുടെ ബഹ്രൈന്‍ ചാപ്റ്റര്‍ രക്ഷാധികാരി (മുൻ 2 വര്‍ഷങ്ങള്‍), കേരളത്തിൽ അടുത്തിടെ രൂപീകൃതമായ ‘പ്രവാസി ഭാരതി ട്രസ്റ്റിന്റെ’ ഒരു ഡയറക്ടർ എന്നീ നിലകളിലും സാമൂഹ്യരംഗത്ത് നിറസാന്നിദ്യം.