ഗുജറാത്ത് ടൈറ്റൻസിനെതിരായ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ്മ 200 സിക്‌സറുകൾ പൂർത്തിയാക്കി. ഐപിഎല്ലിൽ ഈ നേട്ടം കൈവിക്കുന്ന അഞ്ചാമത്തെ താരമായി ശർമ്മ. റോയൽ ചലഞ്ചേഴ്‌സിന്റെ വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ൽ എന്നിവർക്കും മുംബൈ ഇന്ത്യൻസിന്റെ സഹതാരം കീറോൺ പൊള്ളാർഡിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമായി രോഹിത് മാറി. മുംബൈ ഇന്ത്യൻസിന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബാറ്ററാണ് രോഹിത്.

അൽസാരി ജോസഫിന്റെ ബൗളിംഗിൽ കൂറ്റൻ സിക്സർ പറത്തിയാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. ശർമ്മയുടെ ഷോട്ട് സ്പോൺസർ ചെയ്ത കാറിന്റെ ചില്ല് തകർത്തു. മുഹമ്മദ് ഷമിയുടെ ബൗളിംഗിൽ ഒരു സിക്സ് കൂടി ശർമ്മ പറത്തി. 28 പന്തിൽ 43 റൺസെടുത്ത രോഹിത് ലെഗ് സ്പിന്നർ റാഷിദ് ഖാന്റെ പന്തിൽ എൽബിഡബ്ല്യൂവിൽ കുടുങ്ങിയാണ് പുറത്തായത്.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സീസണിലെ രണ്ടാം ജയം മുംബൈ നേടി. ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസ് 5 റൺസിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ടിം ഡേവിഡ് എന്നിവരുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ 177/6 എന്ന സ്‌കോറാണ് നേടിയത്. രോഹിതും ഇഷാനും മുംബൈക്ക് മികച്ച തുടക്കം നൽകി. ഇഷാൻ 29 പന്തിൽ 45 ഉം രോഹിത് 28 പന്തിൽ 43 ഉം ഡേവിഡ് 21 പന്തിൽ 44 ഉം റൺസെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ടും ലോക്കി ഫെർഗൂസൺ, അൽസാരി ജോസഫ്, പ്രദീപ് സാങ്വാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.