എക്സ്‌പോ 2020 ദുബായ് വില്ലേജിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തുന്നു. 16-ന് സന്ദര്‍ശകരുടെ എണ്ണം ഒരു കോടി കവിയുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇതിന്റെ ആഹ്ലാദം പങ്കുവെക്കാനായി പ്രത്യേക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുപ്രകാരം ഞായറാഴ്ച എക്സ്‌പോ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വെറും 10 ദിര്‍ഹത്തിന് പ്രവേശന ടിക്കറ്റ് സ്വന്തമാക്കാം. ഓണ്‍ലൈന്‍ വഴിയും എക്സ്‌പോ ഗേറ്റുകളിലും പ്രവേശന ടിക്കറ്റുകള്‍ ലഭ്യമാണ്. അതേസമയം സീസണ്‍ പാസുള്ളവര്‍ക്ക് വേറെ ടിക്കറ്റിന്റെ ആവശ്യമില്ല.

ഒട്ടേറെ ആഘോഷപരിപാടികളും അന്നേദിവസം എക്സ്‌പോ വേദിയില്‍ അരങ്ങേറും. റിപ്പബ്ലിക് ഓഫ് കൊറിയ തങ്ങളുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പരമ്ബരാഗത ജാങ്-ഗു ഡ്രംസ്, തായ്‌ക്വാന്‍ഡോ ആയോധന കലകളുടെ പ്രദര്‍ശനം, ജൂബിലി സ്റ്റേജില്‍ രാത്രി 7.30-ന് പ്രശസ്ത കലാകാരന്മാരെ ഉള്‍പ്പെടുത്തി പ്രത്യേക കച്ചേരികള്‍ എന്നിവ ഞായറാഴ്ച സംഘടിപ്പിക്കുന്നുണ്ട്. ‘എല്ലാവര്‍ക്കും വേണ്ടിയുള്ള ആഗോള ലക്ഷ്യങ്ങള്‍’ എന്ന ആശയത്തിനുകീഴില്‍ 15 മുതല്‍ 22 വരെ നടക്കുന്ന ഗ്ലോബല്‍ ഗോള്‍സ് വീക്കിനോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികളും എക്സ്‌പോ നഗരിയെ സമ്ബന്നമാക്കും. ജൂബിലി സ്റ്റേജിലെ ഡെക്കുകളിലും ഒട്ടേറെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.