കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തീരുമാനിച്ചു. ബസവരാജ് ബൊമ്മെയാകും യെദ്യൂരപ്പയുടെ പകരക്കാരൻ. യെദ്യൂരപ്പ തന്നെയാണ് ബസവരാജ് ബൊമ്മെയുടെ പേര് നിർദേശിച്ചത്.

ബംഗളുരുവിൽ ചേർന്ന് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ലിംഗായത്ത് സമുദായ നേതാവെന്ന പരിഗണനയാണ് ബസവരാജ് ബൊമ്മെയ്ക്ക് അനുകൂല ഘടകമായത്.

ജനതാദൾ യുണൈറ്റഡ് അംഗമായിരുന്ന ബസവരാജ് ബൊമ്മെ 2008 ഫെബ്രുവരിയിലാണ് ബിജെപിയിൽ അംഗമാകുന്നത്. തുടർന്ന് ഹവേരി ജില്ലയിലെ ഷിഗാവോൺ മണ്ഡലത്തിൽ നി്ന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.

മുൻപ് സംസ്ഥാനത്തെ ആഭ്യന്തര, നിയമ പാർലമെന്ററികാര്യ മന്ത്രിയായും, ജല സഹകരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

മുൻ കർണാടക മുഖ്യമന്ത്രി എസ്.ആർ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ.

കഴിഞ്ഞ ദിവസമാണ് കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ് യെദ്യൂരപ്പ രാജിവയ്ക്കുന്നത്. സർക്കാരിന്റെ രണ്ടാം വർഷം പൂർത്തിയാകുന്ന ചടങ്ങിലായിരുന്നു രാജി പ്രഖ്യാപനം. നേതൃമാറ്റ ചർച്ചകൾ കർണാടകയിൽ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

 

മക്കളായ ബി വൈ വിജയേന്ദ്രയെയും ,ബി വൈ രാഘവേന്ദ്രയെയും പാർട്ടിയിലും മന്ത്രിസഭയിലും പരിഗണിക്കണമെന്ന് യെദ്യൂരപ്പ മുന്നോട്ടുവച്ച പ്രധാന ആവശ്യത്തോട് കേന്ദ്ര നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ലിംഗായത്ത് സമുദായത്തിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനെതിരെ ബിഎസ് യെദ്യൂരപ്പ രംഗത്തുണ്ട്.

ബസവരാജെ ബോമേ,സി ടി രവി ,പ്രഹ്ലാദ് ജോഷി എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടത്. എന്നാൽ കർണാടക മുഖ്യമന്ത്രി ആയേക്കുമെന്ന വാർത്തകൾ പ്രഹ്ലാദ് ജോഷി തള്ളി. സംസ്ഥാനത്ത് നിന്നുള്ള മന്ത്രി മുരുകേഷ് നിരാനി ഡൽഹിയിൽ തുടരുകയാണ്. നിരാനിക്ക് തന്നെയാണ് സാധ്യത കൂടുതലെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടെങ്കിലും ഇത് തള്ളിക്കൊണ്ടാണ് യെദ്യൂരപ്പ തന്നെ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

യെദ്യൂരപ്പയെ മാറ്റിനിർത്തി 2023 നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ നീക്കമാണ് കർണാടകയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.