കൊവിഡ് മാനണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം നിരത്തിലിറങ്ങുന്നതിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഇത്തരത്തിലാണ് കാര്യങ്ങളെങ്കില്‍ കൊവിഡിന്റെ മൂന്നാം തരംഗം വേഗത്തിലാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകളെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

മാര്‍ക്കറ്റുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടൂന്നത് ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് മൂന്നാം തരംഗത്തെക്കുറിച്ച് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നിലവിലെ സ്ഥിതി വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ഹൈക്കോടതി നോട്ടിസ് അയച്ചു.