യൂറോ കപ്പിലെ ആവേശപ്പോരിൽ ബെൽജിയത്തിന് ജയം. ആദ്യാവസാനം ആവേശം മുറ്റി നിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലോക ഒന്നാം നമ്പർ ടീം ഈ യൂറോ കപ്പിലെ രണ്ടാം ജയം കുറിച്ചത്. 53 മിനിട്ട് വരെ ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് ബെൽജിയം തിരിച്ചുവന്ന് കളി പിടിച്ചത്. തോർഗൻ ഹസാർഡ്, കെവിൻ ഡിബ്രുയ്നെ എന്നിവരാണ് ബെൽജിയത്തിൻ്റെ ഗോൾ സ്കോറർമാർ. യൂസുഫ് പോൾസൺ ആണ് ഡെന്മാർക്കിൻ്റെ ആശ്വാസ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കളത്തിലെത്തി ഒരു ഗോളും ഒരു അസിസ്റ്റും നേടിയ കെവിൻ ഡി ബ്രുയ്നെയാണ് ബെൽജിയത്തിൻ്റെ വിജയശില്പി. ജയത്തോടെ ബെൽജിയം പ്രീക്വാർട്ടർ ഉറപ്പിച്ചു

ലോക ഒന്നാം നമ്പർ ടീമെന്ന യാതൊരു പരിഗണനയും നൽകാതെയാണ് ഡെന്മാർക്ക് ബെൽജിയത്തെ കൈകാര്യം ചെയ്തത്. ആദ്യ വിസിൽ മുതൽ ആക്രമിച്ച് തുടങ്ങിയ ഡെന്മാർക്ക് അടുത്ത മിനിട്ടിൽ തന്നെ ഗോൾ നേടി ബെൽജിയത്തെ ഞെട്ടിച്ചു. ബെൽജിയത്തിൻ്റെ ഒരു മിസ്പാസിൽ നിന്ന് യൂസുഫ് പോൾസൺ ആണ് ഗോളടിച്ചത്. ഗോൾ നേടിയിട്ടും ബെൽജിയൻ ഗോൾമുഖത്തേക്ക് തുരുതുരാ ആക്രമണം അഴിച്ചുവിട്ട ഡെന്മാർക്ക് ബെൽജിയത്തെ വിറപ്പിച്ചുനിർത്തി. ക്രിസ്ത്യൻ എറിക്സണു വേണ്ടി ഒരു ജയമെന്നത് ഡെന്മാർക്ക് താരങ്ങളിൽ വല്ലാത്ത ആവേശം നിറച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്മാർക്ക് മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ കെവിൻ ഡിബ്രുയ്നെ എത്തയതോടെ കളി മാറി. 54ആം മിനിട്ടിൽ തോർഗൻ ഹസാർഡിലൂടെ ബെൽജിയം സമനില ഗോൾ നേടി. വലതു പാർശ്വത്തിലൂടെ ലുക്കാക്കു നടത്തിയ ആക്രമണത്തിനൊടുവിൽ പന്ത് ബോക്സിനുള്ളിൽ ഡിബ്രുയ്നെയുടെ കാൽക്കലേക്ക്. മൂന്ന് ഡിഫൻഡർമാർക്കിടയിലൂടെ തളികയിലെന്ന വണ്ണം ഡിബ്രുയ്നെയുടെ പാസ്. പന്ത് വലയിലേക്ക് തട്ടിയിടുക മാത്രമായിരുന്നു ഹസാർഡിൻ്റെ ജോലി. സ്കോർ1-1. സമനില ഗോൾ നേടിയതിനു പിന്നാലെ ഈഡൻ ഹസാർഡ് കളത്തിലെത്തി. ഡെന്മാർക്ക് വീണ്ടും ആക്രമണം അഴിച്ചുവിട്ടെങ്കിലും അച്ചടക്കത്തോടെ പ്രതിരോധിച്ച ബെൽജിയം കൂടുതൽ അവസരങ്ങളും തുറന്നെടുത്തു. 70ആം മിനിട്ടിൽ ബെൽജിയം വിജയഗോൾ നേടി. ലുക്കാക്കു ആണ് അപ്പോഴും ഗോളിനു തുടക്കമിട്ടത്. ഡിഫൻഡർമാരെ കബളിപ്പിച്ച് ലുക്കാക്കു നൽകിയ പന്ത് രണ്ട് വൺ ടച്ച് പാസുകൾ കടന്ന് ഈഡൻ ഹസാർഡിലൂടെ ഡിബ്രുയ്നെയിലേക്ക്. ബോക്സിനു പുറത്തുനിന്ന് ഡിബ്രുയ്നെയുടെ ഒരു പവർഫുൾ കാർപ്പറ്റ് ഷോട്ട്. ഫസ്റ്റ് ടച്ച് ഫിനിഷ്. സ്കോർ 1-2.

വീണ്ടും ഡെന്മാർക്ക് തുരുതുരാ ആക്രമണം നടത്തിയെങ്കിലും പ്രതിരോധവും ഗോൾ കീപ്പർ തിബോ കോർട്ട്വായും ചേർന്ന് അവരെ തടുത്തുനിർത്തി.