ഓക്‌സിജന്‍ വിലവര്‍ധന നടപടി ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിതരണ കമ്പനികള്‍ മെഡിക്കല്‍ ഓക്‌സിജന്‍ന്റെ വില വര്‍ധിപ്പിച്ച നടപടിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഓക്‌സിജന്‍ വിലനിര്‍ണയ ചുമതലയും മറ്റും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതുപ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയേയും കോടതി കക്ഷി ചേര്‍ത്തിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഓക്‌സിജന്‍ പൂഴ്ത്തി വയ്പ് തടയണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് കമ്പനികള്‍ വില വര്‍ധിപ്പിച്ചത്.

കൂടാതെ കൊറോണ ചികിത്സാ നിരക്ക് ഏകീകരിച്ച ഉത്തരവില്‍ മെഡിക്കല്‍ ഓക്‌സിജന് അമിത വില ഈടാക്കരുതെന്നുള്ള നിര്‍ദേശവും നല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിതരണ കമ്പനികളുടെ നടപടി ആശുപത്രികളുടെ നടത്തിപ്പില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് മാനേജ്‌മെന്റുകളുടെ വാദം.