നാം എല്ലാം പൂക്കളെയും പൂന്തോട്ടങ്ങളെയും ഇഷ്ടപ്പെടുന്നവരാണ്. എല്ലാവരും പൂക്കളെ സ്‌നേഹിച്ചപ്പോള്‍ രാജസ്ഥാനില്‍ ജനിച്ചുവളര്‍ന്ന ഫാ. സജു മാത്യുവിന്റെ കണ്ണിലുടക്കി നിന്നത് വൈവിധ്യം കൊണ്ടും രൂപം കൊണ്ടും വ്യത്യസ്തരായ കള്ളിമുള്‍ച്ചെടികളാണ്. ആ ഇഷ്ടത്തെ ഒപ്പം കൂട്ടിയ ഫാ. സജുവിന് ഇന്ന് വ്യത്യസ്തമായ ഒരു ഉദ്യാനം തന്നെ സ്വന്തമായിട്ടുണ്ട്.

വ്യത്യസ്തവും സവിശേഷവുമായ കള്ളിമുള്‍ച്ചെടികള്‍ പത്താനപുരം സ്വദേശിയായ ഫാ.സജുവിന്റെ ഉദ്യാനത്തിലുണ്ട്. ഇതില്‍ 20 വര്‍ഷത്തോളമായി സജുവിനൊപ്പമുള്ള ചെടികളും ഇക്കൂട്ടത്തിലുണ്ട്. വിവിധ സ്ഥലങ്ങളില്‍ മാറിമാറിയുള്ള ജീവിതത്തിനിടെ കൂടെ കൂടിയവയാണ് ബാക്കിയുള്ളവര്‍.

സുഹൃത്തുക്കളും മുഖേനയും യാത്രകളിലൂടെ നേടിയതും ഉള്‍പ്പെടെ 250 ഓളം ഇനങ്ങള്‍ ഫാ. സജുവിന്റെ ശേഖരത്തിലുണ്ട്. പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുളള ചെടികള്‍ ഇക്കൂട്ടത്തിലുണ്ട്. വിരളമായി മാത്രം കാണുന്ന ചില ഇനങ്ങള്‍ വില കൊടുത്തു വാങ്ങിയിട്ടുമുണ്ട്.

കു്ട്ടിക്കാലം മുതല്‍ക്കുള്ള തന്റെ പ്രണയത്തെ ഇപ്പോഴും പിരിയാത്ത ഫാ സജു പോകുന്നയിടങ്ങളിലെല്ലാം ഇവയെയും കൂടെക്കൂട്ടും. തിരുവല്ല ഇരുവള്ളിപ്രാ ക്രിസ്തോസ് പള്ളി വികാരിയാണ് ഫാ. സജു മാത്യു. ഭാര്യയും രണ്ട് മക്കളും സജുവിന്റെ ഈ ഇഷ്ടത്തിന് എല്ലാ വിധ പിന്തുണയുമായി ഒപ്പമുണ്ട്.