കയ്റോ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണു കപ്പല്‍ കുടുങ്ങിയത്.

വേലിയേറ്റ സമയം കപ്പല്‍ ചലിപ്പിക്കാന്‍ രണ്ടു ശ്രമങ്ങള്‍ നടന്നെങ്കിലും ഫലിച്ചില്ല. 369 ചരക്കുകപ്പലുകളാണു കനാല്‍ കടക്കാന്‍ കാത്തുകിടക്കുന്നത്. 18 മീറ്റര്‍ ആഴത്തില്‍ 27,000 ഘനമീറ്റര്‍ മണ്ണ് ഇതിനകം നീക്കം ചെയ്തു. അടിത്തട്ടിലെ പാറയാണു ദൗത്യം തടസ്സപ്പെടുത്തുന്നതെന്നാണു സൂചന.

കപ്പല്‍ കുടുങ്ങിയതിനു പിന്നില്‍ കാറ്റു മാത്രമല്ലെന്നും മാനുഷിക പിഴവുകളും സാങ്കേതികപ്രശ്നങ്ങളും ഉണ്ടാകാമെന്നും സൂയസ് കനാല്‍ അതോറിറ്റി ചീഫ് ഒസാമ റാബി പറഞ്ഞു. കപ്പല്‍ കുടുങ്ങിയത് മൂലം പ്രതിദിനം 100 കോടിയിലേറെ രൂപവീതം അതോറിറ്റിക്കു നഷ്ടപ്പെടുന്നതായാണു കണക്കാക്കുന്നത്.