അന്തരിച്ച ഫുട്ബോൾ ദൈവം ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സോഹൻ റോയിയുടെ വരികൾ. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണ കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് എഴുതിയ വരികളും ശ്രദ്ധേയമാവുകയാണ്.

‘മറഡോണ ‘ എന്ന് പേരിട്ടിരിക്കുന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്

നീലയും വെള്ളയും കോറിയ ജഴ്സിയിൽ
നീട്ടിക്കുറിച്ചു നീയെയ്ത പന്തുകൾ
നിൻദൈവ കയ്യൊപ്പിൽ ഗോളായി മാറുമ്പോൾ
നീയിതിഹാസമായ് മാറാതിരിക്കുമോ?

അമ്പുകൾ എയ്യുന്ന കൃത്യതയോടെ, ശരവേഗത്തിൽ വലയിലേക്ക് ഗോളുകൾ എയ്യുവാനുള്ള മറഡോണയുടെ കഴിവ് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ” നീ എയ്ത പന്തുകൾ ” എന്ന കവിതയിലെ പ്രയോഗം. ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ നിരവധി ഗോളുകളിലൂടെ അർജന്റീനയെ ലോക ഫുട്‌ബോൾ കിരീടത്തിലേക്ക് നയിച്ച നായകൻ കൂടിയായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ജീവിത ഇതിഹാസം മുഴുവൻ നാലു വരികൾ കൊണ്ട് പുനഃസൃഷ്ടിക്കാൻ കഴിഞ്ഞ ഒരു കവിത കൂടിയാണ് ഇതെന്നു സാമൂഹിക മാധ്യമത്തിൽ നിരവധി പേർ അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.

പ്രശസ്ത സംഗീത സംവിധായകനായ ബി.ആർ.ബിജുറാം ആണ് ഈ കവിതയ്ക്ക് മനോഹരമായ ഈണം നൽകി ആലപിച്ചിരിക്കുന്നത്.