വാഷിങ്ടന്‍:  ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ സ്‌നേഹിക്കുന്നതായും സമാധാനം നിലനിര്‍ത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ഏതാനും ആഴ്ചകളായി ട്രംപ് ഭരണകൂടം ഇന്ത്യയെ പിന്തുണച്ചു രംഗത്തെത്തിയതിന്റെ തുടര്‍ച്ചയാണ് ഈ പ്രസ്താവനയും. ലഡാക്കിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മക്‌നാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ അടുത്ത സുഹൃത്താണെന്നും ഇന്ത്യ മികച്ച സഖ്യകക്ഷിയാണെന്നും വൈറ്റ് ഹൗസ് സാമ്ബത്തിക ഉപദേഷ്ടാവ് ലാറി കുഡ്ലോ വ്യക്തമാക്കി.