ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രിയും സ്‌റ്റേറ്റ് കൗണ്‍സിലറുമായ വാങ് യീയുമായി ചര്‍ച്ച നടത്തി അജിത് ഡോവല്‍. വീഡിയോ കോള്‍ വഴിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് വിവരം. സൗഹൃദപരമായ ചര്‍ച്ചയായിരുന്നു ഇരുവരും തമ്മില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് ഇരുവരും സംസാരിച്ചതായി ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ചൈന പിന്മാറാന്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നിലവില്‍ 2 കിലോ മീറ്ററോളം ദൂരം ചൈന പിന്നിലേക്ക് പോയതായാണ് വിവരം. അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികളുടെ ഫലമായാണ് ചൈന പിന്മാറിയത്.