ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ തലസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിരിക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 72,000ത്തോളം പേര്‍ രോഗമുക്തി നേടിയതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ പറഞ്ഞു.

നിലവില്‍ 25,000 പേര്‍ ചികിത്സയിലുള്ളതില്‍ 15,000 ത്തോളം പേര്‍ വീടുകളിലാണ്​.സംസ്​ഥാനത്ത്​ മരണനിരക്ക്​ കുറക്കാന്‍ സാധിച്ചു. രാജ്യത്തെ ആദ്യ കൊറോണ പ്ലാസ്​മ ബാങ്ക്​ ആരംഭിച്ചതായും കെജ്​രിവാള്‍ പറഞ്ഞു. പ്ലാസ്​മ തെറപ്പി രോഗികളില്‍ ഗുണകരമായ മാറ്റം നല്‍കുന്നുണ്ടെന്നും രോഗം ഭേദമായവര്‍ പ്ലാസ്​മ ദാനം ചെയ്യാന്‍ തയാറാകണമെന്നും ​അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 24,248 പേര്‍ക്കാണ്​ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി. 425 പേര്‍ ഇന്നലെ മാത്രം മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2,06,619 കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയില്‍ ഏറ്റവും മുകളില്‍.രണ്ടാമതുള്ള തമിഴ്നാട്ടില്‍ 1,11,151 പേര്‍ക്കാണ് രോഗം.