ജെയ്പൂർ: കർണാടകത്തിലെ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം രാജസ്ഥാനിലും സമാനതന്ത്രങ്ങളുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൈദ്യുതി നിരക്ക് കുറച്ചാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

100 യൂണിറ്റ് വൈദ്യുതി സൗജന്യമായി ജനങ്ങൾക്ക് നൽകുന്നതാണ് പദ്ധതി. ആദ്യ നൂറു യൂണിറ്റ് വൈദ്യുതിക്ക് ശേഷം നിശ്ചിത തുകയായിരിക്കും ഈടാക്കുന്നതെന്നും ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ മാറ്റമുണ്ടായിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾ ഗലോട്ട് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. “പൊതുജനങ്ങളുമായി സംസാരിച്ചതിന് ശേഷം വൈദ്യുതി ബില്ലിലെ സ്ലാബ് തിരിച്ചുള്ള ഇളവിൽ നേരിയ മാറ്റം വരുത്തണമെന്ന് അഭിപ്രായമുണ്ടായി. മാസത്തിലെ വൈദ്യുതി ബില്ലിലെ ഇന്ധന സർചാർജ് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ഫീഡ്‌ബാക്ക് ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഒരു വലിയ തീരുമാനമെടുത്തത്,” ഗെലോട്ടിന്റെ ഹിന്ദിയിലുള്ള ട്വീറ്റിൽ ഇങ്ങനെ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം ഉയർന്നതിന് പിറ്റേന്നാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്നലെ അജ്മീറിൽ വച്ച് നടത്തിയ പ്രസംഗത്തിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെതിരെ അഴിമതി അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വിമർശനമുണ്ടായിരിക്കുന്നത്.

പാചകവാതകത്തിന്റെ വിലയിൽ 500 രൂപ കുറച്ചതിന് പിന്നാലെയാണ് അടുത്ത ജനകീയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതിവർഷം 12 സിലിണ്ടറുകൾ 500 രൂപ നിരക്കിൽ നൽകാനാണ് വില പകുതിയിലേറെ കുറച്ചിരിക്കുന്നത്.

കഴി‍ഞ്ഞ വർഷം സർക്കാർ മെഗാ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. സർക്കാർ ആശുപത്രികളിൽ 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ സൗകര്യങ്ങൾക്കാണ് സൗജന്യമായി നൽകുന്നത്. സാമൂഹിക സുരക്ഷാ പദ്ധതിക്ക് കീഴിൽ കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയായി വർധിപ്പിച്ചിരുന്നു.

സംസ്ഥാന കോൺഗ്രസിൽ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗലോട്ടും തമ്മിലുള്ള കലഹം രൂക്ഷമാകുന്നതിനിടെയാണ് ജനപ്രിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. അശോക് ഗലോട്ട് സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് ജനസംഘർഷ യാത്ര നടത്തിയതും ശ്രദ്ധേയമായിരുന്നു.